പുതിയങ്ങാടി ജി.എം.യു.പി സ്കൂളിലെ മതിൽ നിർമാണം
കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ പുതുമോടിയിൽ മുഖഛായ മാറാനൊരുങ്ങി പുതിയങ്ങാടി ഗവ. മാപ്പിള യു.പി സ്കൂൾ. ആധുനികവത്കരിച്ച നടക്കാവ്, കാരപ്പറമ്പ് തുടങ്ങിയ പൊതു വിദ്യാലയങ്ങളുടെ രീതിയിൽ സൗകര്യങ്ങളൊരുക്കുന്ന സ്കൂൾ ഹൈസ്കൂളായി മാറുമെന്ന പ്രതീക്ഷയുയരുമ്പോഴും നവീകരണത്തിന്റെ ഭാഗമായുള്ള മതിൽ നിർമാണത്തിൽ നാട്ടുകാർക്ക് ആശങ്ക. പ്രിസം പദ്ധതിയിൽ മൊത്തം മൂന്നു കോടിയുടെ വികസനമാണ് സ്കൂളിൽ നടക്കുന്നത്. എം.എൽ.എ, കോർപറേഷൻ, ഗവ. പ്ലാൻ തുടങ്ങിയ ഫണ്ട് ഉപയോഗിച്ചാണ് വികസനം.
200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ചുറ്റുമതിൽ, പ്രിസം കെട്ടിടം, ഡൈനിങ് റൂം, ടൈൽ പതിക്കൽ തുടങ്ങിയവയെല്ലാം പ്ലാനിലുണ്ട്. ഒരേക്കറോളം സ്ഥലത്ത് മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നിർമാണം. മതിയായ കളിസ്ഥലമില്ലാത്തത് ഹൈസ്കൂളായി ഉയർത്തുന്നതിന് തടസ്സമാണ്. കോർപറേഷൻ പരിധിയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന തീരമേഖലയിലെ യു.പി സ്കൂളാണിത്. ഇംഗ്ലീഷ് മീഡിയം, പ്രീ പ്രൈമറിയടക്കം എല്ലാ സൗകര്യവും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് സ്കൂളിന്റെ വിജയം. നിലവിൽ എല്ലാ ക്ലാസുകളും സ്മാർട്ട് റൂമുകളുമാണ്.
കോർപറേഷൻ മുൻകൈയെടുത്ത് നിലവിലുള്ള മതിൽ ഒരടിയോളം ഉള്ളിലേക്ക് മാറ്റിക്കെട്ടുന്നുവെങ്കിലും അതിന് മുന്നിൽ മുട്ടറ്റം ഉയരത്തിൽ പഴയ മതിലിന്റെ സ്ഥലത്ത് അരമതിൽ കെട്ടുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. സ്കൂൾ സ്ഥലം നഷ്ടപ്പെടുത്താതെ ഈ ഭാഗത്ത് പുൽത്തകിടി പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ മതിലിന് മുന്നിലുള്ള മറ്റൊരു മതിൽ കുപ്പിക്കഴുത്തുപോലുള്ള റോഡിൽ കൂടുതൽ ഗതാഗത സ്തംഭനമുണ്ടാക്കുമെന്നാണ് പരാതി.
കണ്ണൂർ റോഡിൽ കോയാ റോഡ് ബസ് സ്റ്റോപ്പിൽനിന്ന് പുതിയങ്ങാടി തെരുവത്ത് ബസാർ വഴി ബീച്ചിലേക്കുള്ള റോഡിലണ് സ്കൂൾ. കിഴക്കുനിന്ന് റെയിൽവേ ഗേറ്റ് കടന്ന് ഉടൻ സ്കൂളാണ്. നിലവിലുള്ള സ്കൂളിന്റെ മുഖ്യ പ്രവേശന കവാടം മെയിൻ റോഡിൽനിന്ന് റെയിലിന്റെ സമാന്തരമായുള്ള പാതയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ മതിലിന് പുറത്ത് ചെറിയ മറ്റൊരുമതിൽ കൂടി പണിയുന്നതോടെ ഉള്ള സൗകര്യവും നഷ്ടപ്പെടുമെന്നാണ് പരിസരവാസികളുടെ പരാതി. സ്കൂളിലേക്ക് 90 ശതമാനം വിദ്യാർഥികളും വരുന്നത് പടിഞ്ഞാറ് ഭാഗത്തുനിന്നാണ്. ഗേറ്റ് കിഴക്കോട്ട് മാറ്റിയതോടെ അവർക്ക് മതിൽ ചുറ്റി റെയിലിന് സമാന്തരമായുള്ള ഗേറ്റിലേക്ക് വരേണ്ടി വരുന്നു. റോഡിന് മതിയായ വീതിയില്ലെങ്കിൽ വണ്ടി നിർത്താനും മറ്റും ബുദ്ധിമുട്ടാവും.
ട്രെയിൻ വരുമ്പോൾ റെയിൽവേ ഗേറ്റ് അടച്ചാൽ വാഹനങ്ങളുടെ വലിയനിര കോയാ റോഡിലും തെരുവത്ത് ബസാറിലുമുണ്ടാവും. വാഹനങ്ങൾക്കിടയിലൂടെ കുട്ടികൾ നടന്ന് വരാൻ ഇപ്പോൾ മതിയായ റോഡരികില്ലെന്നാണ് പരാതി. സ്കൂൾ അധികൃതരുമായി സംസാരിച്ചെങ്കിലും ചെറിയ മതിൽ മാറ്റുന്നതിനനുകൂലമായി നിലപാടെടുക്കുന്നില്ലെന്നാണ് പരാതി. മതിലിനൊപ്പം പുതിയ ഹാളും മറ്റ് സൗകര്യങ്ങളും സ്കൂളിൽ ഒരുക്കുന്നുണ്ട്. വിവാഹാവശ്യങ്ങൾക്കും മറ്റും ഇപ്പോൾ തന്നെ സ്കൂൾ വിട്ട് നൽകുന്നുണ്ട്. പുതിയ ഹാൾ വരുന്നതോടെ പ്രദേശത്തിന്റെ പൊതു ആവശ്യങ്ങൾക്കും സ്കൂൾ ഉപയോഗിക്കാനാവും. 400 ഓളം കുട്ടികളുള്ള സ്കൂളിൽ16 ക്ലാസുകളിലായി 21സ്റ്റാഫുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.