പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത വി​ൽ​പ​ന ഫ​ർ​ണി​ച്ച​ർ മാ​നു​ഫാ​ക്ചേ​ഴ്സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ

അ​സോ​സി​യേ​ഷ​ൻ (ഫ്യൂ​മാ) പ്ര​വ​ർ​ത്ത​ക​രെ​ത്തി ഉ​പ​രോ​ധി​ക്കു​ന്നു

പ്രതിഷേധം; അനധികൃത വുഡ് ഫർണിച്ചർ വിൽപന നഗരസഭ പിടിച്ചെടുത്തു

രാമനാട്ടുകര: പാതയോരത്തെ അനധികൃത വുഡ് ഫർണിച്ചർ വിൽപന പ്രതിഷേധത്തെ തുടർന്ന് നഗരസഭ പിടിച്ചെടുത്തു. രാമനാട്ടുകര ബൈപാസിലെ പാതയോരത്താണ് ഇതരസംസ്ഥാനത്ത് നിർമിക്കുന്ന ഫർണിച്ചറുകൾ നികുതിവെട്ടിപ്പ് നടത്തി ചൊവ്വാഴ്ച രാവിലെ വിൽപനക്ക് വെച്ചത്. ഹൈദരാബാദിൽനിന്ന് കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന് പാതയോരത്ത് പലയിടങ്ങളിലായി ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വിൽപന നടത്തുന്നതാണ് കച്ചവടരീതി.

കേരളത്തിൽ 25,000 രൂപ മുതൽ 50,000വരെയും അതിൽ കൂടുതലും വിലയുള്ള സോഫാ സെറ്റി ഫർണിച്ചറുകളാണ് മോശപ്പെട്ട മരങ്ങളും മറ്റും ഉപയോഗിച്ച് നിർമിച്ച് 8000ന് മുകളിലും 20,000ന് താഴെയായിട്ടുമായി വിൽപന നടത്തുന്നത്. നേരത്തെ പ്ലാസ്റ്റിക് കസേരകളും മറ്റും പാതയോരത്ത് വിൽപന നടത്തിയിരുന്ന സംഘമാണ് ഇതിന് പിന്നിലെന്നും വ്യാപാരികൾ പറയുന്നു.

ഇത് ശ്രദ്ധയിൽപെട്ട ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമാ) പ്രവർത്തകരെത്തിയാണ് വിൽപന തടഞ്ഞത്. തുടർന്ന് ഫറോക്ക് മേഖലയുടെ നേതൃത്വത്തിൽ അനധികൃത വിൽപന ഉപരോധിച്ചു. സെയിൽ ടാക്സ് കമീഷണർ സ്ഥലത്തെത്തിയെങ്കിലും മുനിസിപ്പാലിറ്റിയുടെ സ്ഥലത്തായതിനാലും യഥാർഥ ഉടമസ്ഥനെ കണ്ടെത്താത്തതിനാലും പിഴ ഈടാക്കാൻ കഴിഞ്ഞില്ല.

പിന്നീട് മുനിസിപ്പാലിറ്റിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു, ജെ.എച്ച്.ഐമാരായ സുരാജ്, വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ ഫർണിച്ചറുകൾ പിടിച്ചെടുത്തു.

ജില്ല പ്രസിഡന്റ് ബാബു ചന്ദ്രിക, സെക്രട്ടറി വേണു, സുമുഖൻ, സംസ്ഥാന കൗൺസിൽ അംഗം ബിജു കുന്നത്ത്, ഫൈസൽ, നിയാസ്, ദീപക്, മുസ്‌തഫ, കൂഞ്ഞി താഴഞ്ചേരി, ബീരാൻ പേട്ട എന്നിവർ സംസാരിച്ചു. രാമനാട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജ്മൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷാജി എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Tags:    
News Summary - protest-Illegal sale of wooden furniture was seized by the municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.