PROOF OVER ഗവർണറെ കണ്ട്​ സന്തോഷം പങ്കുവെച്ച്​ 'ഉദയം' അന്തേവാസികൾ

കോഴിക്കോട്​: 'ഉദയ'ത്തിൽ ഗവർണർ എത്തും മുമ്പുതന്നെ ഗവർണറെ കാണാനും സംസാരിക്കാനുമായി അന്തേവാസികൾ ഇരിപ്പിടങ്ങളിൽ ഇടംപിടിച്ചിരുന്നു. 'കണ്ടുകൊണ്ടേൻ നാൻ വന്തത്​ യാരെന്ന്​ കണ്ടുകൊണ്ടേൻ' എന്നു തുടങ്ങുന്ന തമിഴ്​ പാട്ടുപാടിക്കൊണ്ടാണ്​ പൊന്നുച്ചാമി ഗവർണറെ കണ്ട സന്തോഷം പ​ങ്കുവെച്ചത്​. ഒന്നര വർഷമായി താൻ ഇവിടെ കഴിയുകയാണെന്ന്​ പറഞ്ഞ പൊന്നുച്ചാമി പണം ഉണ്ടാക്കാൻവേണ്ടി നാടുവിട്ടതാണെന്നും തന്‍റെ സാമ്പത്തികമെല്ലാം നഷ്​ടമായെന്നും പറഞ്ഞു. ഉദയത്തിന്‍റെ മുറ്റത്ത്​ താൻ കൃഷി നടത്തി ഉണ്ടാക്കിയ പച്ചക്കറികൾ വിറ്റ്​ 1600 രൂപ സമ്പാദിച്ചെന്നും കൂടുതൽ പണം സമ്പാദിച്ച്​ നാട്ടിലേക്ക്​ പോകണമെന്നും പൊന്നുച്ചാമി ഗവർണറോട്​ പറഞ്ഞു. പൊന്നുച്ചാമി നാട്ടിലേക്ക്​ പോകുംമുമ്പ്​ കൃഷിപ്പണി മറ്റു സഹവാസികളെ പഠിപ്പിക്കണമെന്ന്​ ഗവർണർ ആവശ്യപ്പെട്ടു. പഠിപ്പിച്ചുകൊടുക്കുമെന്ന്​ പൊന്നുച്ചാമിയും. കൃഷിയിൽ തനിക്ക്​ വേണ്ടസാധനങ്ങളെല്ലാം എത്തിച്ചുതരുന്ന ഡെപ്യൂട്ടി കലക്ടർ അനിത കുമാരിക്കു​ വേണ്ടിയും പൊന്നുച്ചാമി പാട്ടുപാടി. രണ്ടു വർഷമായി ഉദയത്തിൽ​ താമസിക്കുന്ന​​ നടക്കാവ്​ സ്വദേശിയായ പത്മരാജൻ ഇവിടെ എല്ലാം സൗജന്യമായി കിട്ടുന്നു​ണ്ടെന്ന്​ അറിയിച്ചു​. നല്ല സന്തോഷത്തോടെയും സുഖത്തോടെയുമാണ്​ ഇവിടെ കഴിയുന്നതെന്നും സന്തോഷംകൊണ്ട്​ വാക്കുകൾ കിട്ടുന്നില്ലെന്നും​ പത്മരാജൻ ഗവർണറോട്​ പറഞ്ഞു​. ഒന്നര വർഷമായി ഉദയത്തിൽ കഴിയുന്ന ഉത്തമൻ തന്‍റെ കുടുംബവും സാമ്പത്തികവുമെല്ലാം നഷ്ടമായി എന്നും എന്നാലും മനസ്സ് തകർന്നിട്ടില്ലെന്നും പറഞ്ഞു. ഇനിയും മുന്നോട്ടു​ പോകണം. തനിക്ക്​ ഒപ്പമുള്ളവർക്കും അതിന്​ സാധിക്കണം. ഡെപ്യൂട്ടി കലക്ടർ അനിത കുമാരി സഹോദരിയെപ്പോലെയാണെന്നും അവരെ തങ്ങൾക്ക്​ കിട്ടിയത്​ ദൈവകൃപകൊണ്ടാണെന്നും ഉത്തമൻ പറഞ്ഞു. ഇത്ര സമാധാനത്തിൽ കഴിയാമെന്ന്​ സ്വപ്നം പോലും കണ്ടിരുന്നില്ലെന്നാണ്​​ സണ്ണി ജോസഫിന്​ പറയാനുണ്ടായിരുന്നത്​. വടക്കേ ഇന്ത്യയിൽനിന്ന്​ ജോലിക്കായി വന്നതായിരുന്നു. ലോക്​ഡൗണിൽ എന്തുചെയ്യണമെന്നറിയാതെ കുടുങ്ങി. കോവിഡ്​ വന്ന്​ മെഡിക്കൽ കോളജിൽ അഡ്​മിറ്റായി. പിന്നീടാണ്​ ഉദയത്തിൽ എത്തിയത്​. മാതാപിതാക്കൾ മരിച്ചശേഷം സ്​നേഹം അനുഭവിച്ചത്​ ഉദയത്തിൽനിന്നാണെന്നും സണ്ണി പറഞ്ഞു. എല്ലാവരുടെയും സംസാരം ശ്രദ്ധയോടെ കേട്ട ഗവർണർ അവരെ പ്രോത്സാഹിപ്പിക്കുകയും ഉദയത്തിന്‍റെ പ്രവർത്തനത്തിൽ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഉദയത്തിന്‍റെ സൗകര്യങ്ങളെല്ലാം നടന്നു കണ്ടു. ഉദയത്തിന്‍റെ അയൽവാസി സരസ്വതി നൽകിയ നിവേദനവും സ്വീകരിച്ച്​ ജീവനക്കാർക്കൊപ്പം നിന്ന്​ ഫോട്ടോയും എടുത്ത്​ ഉച്ചയോടെ യാത്രപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.