മുട്ടക്കോഴി വളർത്തൽ പദ്ധതിയിലെ ക്രമക്കേട്; അന്വേഷണം മുന്നോട്ടു പോയില്ല

കോഴിക്കോട്: നഗരസഭ 2020-21 കാലത്ത് നടപ്പാക്കിയ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപ കിട്ടിയില്ലെന്നും ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി കോർപറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നുമുള്ള ആരോപണത്തിൽ പൊലീസ് നടപടികൾ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. സംഭവത്തിൽ അന്വേഷണം തണുപ്പിച്ച് നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും നടപടിയായില്ലെങ്കിൽ ഹൈകോടതിയിൽ കമ്പനി കേസ് ഫയൽ ചെയ്യുമെന്നും മലപ്പുറം കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി.പി. ബഷീർ പറഞ്ഞു.

കമ്പനി ഡി.ജി.പി.ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് അസി. കമീഷണർ പ്രാഥമിക അന്വേഷണം നടത്തി ടൗൺ പൊലീസ് സ്റ്റേഷനിൽ വെറ്ററിനറി ഉദ്യോഗസ്ഥന്മാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ കോർപറേഷൻ സെക്രട്ടറി സിറ്റി പൊലീസ് കമീഷണർക്കും കോഴികളെ നൽകിയ ചാത്തമംഗലം പ്രിയദർശനി എഗ്ഗർ നഴ്സറി ഉടമ പി. രാവുണ്ണി സിറ്റി പൊലീസ് അസി. കമീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ കേസിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കമ്പനി വിവരാവകാശ നിയമപ്രകാരം എടുത്തത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പറയുന്നു. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനുള്ള നടപടിയോ ഉണ്ടായില്ലെന്നാണ് ആരോപണം. ടൗൺ എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.

കേസ് അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറണമെന്നും ആവശ്യമുയർന്നിരുന്നു. സംഭവത്തിൽ കോര്‍പറേഷന്‍ തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഈയിടെ മേയർക്ക് സമർപ്പിച്ചിരുന്നു. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ, വെറ്ററിനറി ഓഫിസര്‍, അഡീ.സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ആരോപണത്തിനിടയായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ മൃഗസംരക്ഷണ മേധാവിക്ക് ശിപാര്‍ശ നൽകാനാണ് തീരുമാനം. നഗരസഭക്ക് മൊത്തം നഷ്ടമായ 3,95,825 രൂപ പലിശ സഹിതം തിരിച്ചുപിടിക്കണമെന്നും അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - poultry farming project scam investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.