കോഴിക്കോട്: ഉപരിപഠനത്തിന് അർഹത നേടിയ നിരവധി വിദ്യാർഥികൾ പുറത്തുനിൽക്കേ പ്ലസ് വൺ ക്ലാസുകൾക്ക് ബുധനാഴ്ച തുടക്കം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മൂന്ന് അലോട്ട്മെന്റുകളിലായി ഇതിനകം പ്രവേശനം ഉറപ്പായത് 31,349 പേർക്കാണ്.
ഇവർക്ക് പ്രവേശനം സ്ഥിരപ്പെടുത്തുന്നതിനുള്ള സമയം ചൊവ്വാഴ്ച കഴിഞ്ഞു. എത്രപേർ പ്രവേശനം നേടിയെന്നുള്ള അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ. മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ 20 സീറ്റുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇതിലേക്കും കുട്ടികൾ പ്രവേശനം നേടാതെ ഒഴിവുവരുന്ന സീറ്റുകളിലേക്കും ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കുകയോ നിലവിലുള്ള അപേക്ഷ പുതുക്കിനൽകുകയോ ചെയ്യാം.
മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം.
സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷവും നൂറുകണക്കിന് വിദ്യാർഥികൾ സമാന്തര സംവിധാനങ്ങളേയോ അൺ എയ്ഡഡ് വിദ്യാലയങ്ങളെയോ ആശ്രയിക്കേണ്ടി വരുമെന്നതാണ് ജില്ലയിലെ ചിത്രം. 48,238 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 31,369 സീറ്റുകളാണ് ആകെയുള്ളത്. ഇതനുസരിച്ചുനോക്കിയാൽ 16,889 അപേക്ഷകരാണ് പുറത്താവുക.
എന്നാൽ, അത്രയധികം വിദ്യാർഥികൾക്ക് സീറ്റ് ലഭ്യമാവാത്ത സ്ഥിതിയുണ്ടാവില്ലെന്നാണ് അധികൃതർ പറയുന്നത്. വി.എച്ച്.എസ്.സി, ഐ.ടി.ഐ, പോളിടെക്നിക് സീറ്റുകളും അൺ എയ്ഡഡ് പ്ലസ് വൺ സീറ്റുകളും പരിഗണിച്ചാൽ നാമമാത്ര വിദ്യാർഥികൾ മാത്രമേ ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരൂ എന്നാണ് ഔദ്യോഗിക ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.