കോട്ടൂളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
കോഴിക്കോട് പെട്രോൾ പമ്പിലെ ആക്രമണം മുകളിൽനിന്ന് മുളകുപൊടി വിതറി
കോഴിക്കോട്: വ്യാഴാഴ്ച കോട്ടൂളിയിലെ പെട്രോൾ പമ്പിൽ നടന്ന ആക്രമണം മുകളിൽനിന്ന് മുളകുപൊടി വിതറി. മൊത്തം 25 ജീവനക്കാരുള്ള സ്ഥാപനത്തിലാണ് ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് റാഫിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ഉച്ചയോടെ വീണ്ടും പമ്പിലെത്തിയത്.
രാത്രി 12ന് അടക്കാറുള്ള പമ്പിൽ അതിന് ശേഷം കണക്ക് ശരിയാക്കാനും മറ്റുമായി സാധാരണ രണ്ടുപേർ ഉണ്ടാവാറുണ്ട്. എന്നാൽ, വ്യാഴാഴ്ച പുലർച്ച ഡ്യൂട്ടിക്കെത്തേണ്ടവരിൽ ഒരാൾ അവധിയായിരുന്നു. അന്നത്തെ കലക്ഷൻ ഓഫിസിൽ മേശമേൽ വെച്ച് എണ്ണിത്തിട്ടപ്പെടുത്തവേയാണ് ആക്രമണം. 100, 200 രൂപ നോട്ടുകൾ വേർതിരിക്കവേ മുകളിൽനിന്ന് മുളകുപൊടി വിതറുകയായിരുന്നു. മുകളിലേക്ക് നോക്കിയപ്പോൾ വീണ്ടും പൊടിയിട്ടു.
കണ്ണ് തിരുമ്മുന്നതിനിടെ താഴേക്ക് ചാടിയ ആക്രമി ബലമായി തറയിൽക്കിടത്തി മൽപിടിത്തത്തിന് ശേഷം തോർത്ത് മുണ്ട് കൊണ്ട് കൈകെട്ടി പണവുമായി കടക്കുകയായിരുന്നു. മേശയിൽ എണ്ണിവെച്ചിരുന്ന 50,000ത്തിലേറെയുള്ള നോട്ടുകളാണ് വാരിയെടുത്തത്. 1.5 ലക്ഷം രൂപ റാഫിയുടെ കീശയിൽ ഉണ്ടായിരുന്നെങ്കിലും ആക്രമി കീശ തപ്പാത്തതിനാൽ നഷ്ടപ്പെട്ടില്ല.
മോഷണം നടന്ന കോട്ടൂളി പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു
മോഷ്ടാവ് കടന്ന ശേഷം ഏറെ പ്രയാസപ്പെട്ട് സ്വയം കെട്ടഴിച്ച് ലാൻഡ് ഫോണിനടുത്ത് ചെന്ന് മാനേജർ സിദ്ധാർഥനെ വിവരമറിയിക്കുകയായിരുന്നു. മാനേജർ അറിയിച്ച പ്രകാരം പൊലീസടക്കമുള്ളവർ എത്തിയാണ് റാഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മൽപിടിത്തത്തിനിടെ മൂക്കിന് ശക്തമായ ഇടികിട്ടിയിരുന്നു. കെട്ടാനുപയോഗിച്ച തോർത്ത് മണത്ത പൊലീസ് നായ് പമ്പിന്റെ പിന്നിലുള്ള ചുമരിനടുത്തേക്കാണ് ഓടിയത്. പിൻഭാഗം വഴിയാണ് ആക്രമി എത്തിയതെന്നാണ് സൂചന.
പിടിച്ചുപറിയും ശല്യപ്പെടുത്തലും: രാത്രി ജോലി ചെയ്യുന്നവർ ഭീതിയിൽ
കോഴിക്കോട്: നഗരത്തിൽ രാത്രി ജോലിക്കെത്തുന്നവർക്ക് സുരക്ഷയില്ലാത്ത അവസ്ഥ. വ്യാഴാഴ്ച രാത്രി ഒന്നിന് ശേഷം കോട്ടൂളിയിൽ പെട്രോൾ പമ്പിൽ നടന്ന ആക്രമണം സ്ത്രീകളടക്കം രാത്രി ഡ്യൂട്ടിയെടുക്കുന്ന നഗരത്തിലെ നൂറുകണക്കിന് ജീവനക്കാരെ ഭീതിയിലാഴ്ത്തി.
മാവൂർറോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ മെഡിക്കൽ കോളജ് വരെ ഭാഗങ്ങളിൽ രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുകയാണ്.
രാത്രി സഞ്ചരിക്കുന്ന വനിതകളടക്കമുള്ള നിരവധിപേർക്ക് ദുരനുഭവമുണ്ടാവുന്നു. നേരത്തേ നഗരത്തിലും പരിസരങ്ങളിലും വിവിധ പമ്പുകളിൽ പണം തട്ടിപ്പറിക്കൽ നടന്നിട്ടുണ്ട്. ഇംഗ്ലീഷ് പള്ളിക്ക് സമീപത്തെയും ചെറൂട്ടി റോഡിലെയും പമ്പുകളിൽ ആക്രമണമുണ്ടായി. കോവൂരിലെ പമ്പിലും നേരത്തേ ആക്രമണമുണ്ടായിരുന്നു. പണം ജീവനക്കാരുടെ കൈയിലുണ്ടാവുമെന്നതും രാത്രി ജീവനക്കാർ കുറവായിരിക്കുമെന്നതുമാണ് ആക്രമിക്കുന്നവരെ പമ്പുകളിലേക്ക് ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.