കോഴിക്കോട് സെൻട്രൽ മാർക്കറ്റ്
കോഴിക്കോട്: മലബാറിൽ ആദ്യം തുടങ്ങിയ മാർക്കറ്റുകളിലൊന്നായ സെൻട്രൽ മാർക്കറ്റ് 55.17 കോടി രൂപയിൽ നവീകരിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയായി. നേരത്തേ കോർപറേഷന്റെ 5.17 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ 50 കോടിയും ഉപയോഗിച്ച് പണിയാനായി കോർപറേഷൻ തീരുമാനിച്ച കോർട്ട് റോഡിലെ കെട്ടിടമാണ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് തന്നെ പണിയാനായി സർക്കാർ അനുമതിയായത്.
ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ കെട്ടിടം വർഷങ്ങൾക്ക് മുമ്പ് പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടമുണ്ടാക്കിയത്. ഭരണാനുമതിയായതിനാൽ തുടർപ്രവർത്തനത്തിലേക്ക് പെട്ടെന്ന് കടക്കാനാവുമെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.
ഫിഷറീസ് വകുപ്പ് ഡി.പി.ആർ. അംഗീകരിച്ച ശേഷമാണ് സർക്കാർ ഭരണാനുമതി ലഭിച്ചത്. മാർക്കറ്റ് 24ലേറെ ചതുരശ്ര അടിയിൽ വലിയ മാളാക്കി മാറ്റാനാണ് അംഗീകാരം.
1906ൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ മത്സ്യമാർക്കറ്റിനായി സ്പേസ് ആർട്സ് തയാറാക്കിയ ഡി.പി.ആർ കോർപറേഷൻ നേരത്തേ അംഗീകരിച്ചിരുന്നു.
ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടത്തിൽ മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെറ്ററിയും വലിയ ഹാളുമുണ്ടാവും. റിക്രിയേഷൻ ഹാൾ, മീൻ വിഭവങ്ങളുള്ള ഹോട്ടൽ, പാർക്കിങ് എന്നിവയെല്ലാമുണ്ട്. മീൻമണമില്ലാത്ത വിധം മുഴുവൻ ശീതീകരിച്ച ഹാളിൽ ഇപ്പോൾ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നൽകും.
ഗ്രൗണ്ട് േഫ്ലാർ ഉൾപ്പെടെ ഇരുനില കെട്ടിടം പണിയാനാണ് തീരുമാനം. ഗ്രൗണ്ടിൽ മത്സ്യലേലത്തിനുള്ള സംവിധാനമാണ് പ്രധാനമായി ഒരുക്കുക. ഒരുഭാഗത്ത് ചെറുകിട കച്ചവടത്തിനുള്ള സംവിധാനവുമുണ്ടാകും.
ഒന്നാംനിലയിൽ ശീതീകരിച്ച ഉൽപന്നങ്ങൾക്കുള്ള മാർക്കറ്റ്, 24 കിടക്കകളുള്ള ഡോർമെട്രി, പൊതുപരിപാടികൾക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന ഹാൾ എന്നിവ വരും. രണ്ടാം നിലയിൽ റിക്രിയേഷൻ ഹാൾ, കടൽ വിഭവങ്ങൾക്കുള്ള റസ്റ്റാറന്റ് സൗകര്യങ്ങളൊരുക്കും.
കെട്ടിടത്തിനടിയിൽ കാറുകളും ഇരുചക്ര വാഹനങ്ങളും നിർത്താൻ സംവിധാനവും ഒരുക്കും. ഗ്രൗണ്ടിലും വണ്ടി നിർത്താനാവും. മുഴുവനായും എ.സിയായിരിക്കും. ഇപ്പോൾ മാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കെല്ലാം ഇടമുണ്ടാകും.
ഘട്ടമായി നവീകരണം നടത്തിയാലും നിർമാണം നടക്കുമ്പോൾ കുറെ കച്ചവടക്കാരെ മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.