കോഴിക്കോട്: കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ശുചീകരണത്തിന് ബദൽ ജീവനക്കാരെ നിയമിക്കുന്നതിൽ സ്വജന പക്ഷപാതം കാണിച്ചെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ബാനർ ഉയർത്തി മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു. ഇതോടെ ഡയസിലിരുന്ന ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന് സംരക്ഷണമൊരുക്കി ഭരണപക്ഷവും ഡയസ് വളഞ്ഞു.
പ്രതിപക്ഷം ഡയസിനു മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ ഡെപ്യുട്ടി മേയർ അജണ്ടകളെല്ലാം ചർച്ച കൂടാതെ പാസാക്കി. ഇതിനിടെ ബി.ജെ.പി അജണ്ട കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ചർച്ചയില്ലാതെ അജണ്ട പാസാക്കാൻ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയാണിതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 235 ശുചീകരണ തൊഴിലാളികളെ ധൃതിപിടിച്ച് നിയമിക്കുന്നത് പാർട്ടിക്കാരെ തിരുകിക്കയറ്റാനാണെന്നാണ് യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ ആരോപണം. സി.പി.എം ജില്ല കമ്മിറ്റിയുടെ ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും പ്രതിപക്ഷം ആരോപിച്ചു.
കൗൺസിൽ പിരിഞ്ഞതിനുശേഷവും യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം തുടർന്നു. 268 അജണ്ടകളാണ് ചൊവ്വാഴ്ച കൗൺസിൽ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.