കോഴിക്കോട്: കുടിശ്ശിക കുന്നുകൂടുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള മരുന്ന്, ഇംപ്ലാന്റ്, സർജിക്കൽ ഉപകരണ വിതരണം ഏജൻസികൾ നിർത്തിവെക്കുകയും ചെയ്തതോടെ മെഡിക്കൽ കോളജിൽ ആത്യാഹിത വിഭാഗം ശസ്ത്രക്രിയകൾവരെ മുടങ്ങുന്നു. അപകടത്തിൽപെട്ട് എത്തുന്ന രോഗികൾക്ക് പ്ലാസ്റ്റർ ഇടൽ മാത്രമാണ് ഇപ്പോൾ മുടക്കമില്ലാതെ നടക്കുന്നത്. ആശുപത്രി വികസന സമിതിയുടെ മെഡിക്കൽ ഷോപ്പിലും സർജിക്കൽ സ്റ്റോറിലേക്കുമുള്ള വിതരണം ഏജൻസികൾ നിർത്തിയതാണ് സാധാരണക്കാരായ രോഗികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ അടിയന്തര സർജറികൾ പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്.
സർജറി ഉപകരണങ്ങൾ ആശുപത്രിയിൽ ലഭിക്കാത്തതിനാൽ പുറത്തുനിന്ന് അധിക പണം കൊടുത്ത് സാധനങ്ങൾ വാങ്ങിനൽകിയാലേ ശസ്ത്രക്രിയകൾ നടത്താൻ കഴിയുകയുള്ളു. രോഗികളെയും കൂട്ടിരിപ്പുകാരെയും തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞു മനസ്സിലാക്കുകയാണ് ഡോക്ടർമാർ. എച്ച്.ഡി.എസ് സർജിക്കൽ സ്റ്റോറിൽ ഇംപ്ലാന്റുകളുടെ വിതരണം നിർത്തിവെച്ചതോടെ അസ്ഥിരോഗ വിഭാഗം ശസ്ത്രക്രിയകൾ ഗണ്യമായി കുറഞ്ഞു. സർജിക്കൽ സ്റ്റോറിൽ പഴയ സ്റ്റോക്ക് മാത്രമാണ് ഇപ്പോൾ ഉള്ളത്.
അതിനാൽ തന്നെ സർജറിക്ക് ഡോക്ടർമാർ എഴുതുന്ന സാധനങ്ങളിൽ 70 ശതമാനം സാധനങ്ങളും ആശുപത്രി വികസന സമിതിയുടെ സ്റ്റോറുകളിൽ ലഭിക്കാനില്ല. കാരുണ്യ വഴി മരുന്ന് എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും എത്തിക്കുന്ന നാമമാത്ര മരുന്ന് ആശുപത്രിയിലെ ആവശ്യത്തിന് പര്യാപ്തമല്ല. അതിനാൽ തന്നെ ഇൻഷുറൻസ് വഴിയുള്ള ചികിത്സകളൊന്നും നടക്കുന്നില്ല. മുട്ടുമാറ്റൽ അടക്കമുള്ള എലക്ടിവ് ശസ്ത്രക്രിയകൾക്ക് വാർഡുകളിൽ ചികിത്സക്ക് എത്തിയവരും ഒന്നും ചെയ്യാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ്.
മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത് 225 കോടി
വിവിധ ആരോഗ്യ ഇൻഷുറൻസ് വഴി ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് 225 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത്. സർക്കാർ കുടിശ്ശിക അനുവദിക്കാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിക്ക് സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ മരുന്ന് വിതരണക്കാർക്ക് 80 കോടി രൂപയും സർജിക്കൽ ഇംപ്ലാന്റ് വിതരണക്കാർക്ക് 30 കോടിയും സ്റ്റന്റ് വിതരണക്കാർക്ക് 33 കോടിയും ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രഫി വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്ത ഇനത്തിൽ ആറ് കോടിയും കുടിശ്ശിക ഇനത്തിൽ വിതരണക്കാർക്ക് നൽകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.