കോഴിക്കോട്: ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയ നിർമാർജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച ‘എൻപ്രൗഢ്’ (ന്യൂ പ്രോഗ്രാം ഫോർ ദി റിമൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ഉപയോഗശൂന്യമായ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റ് മാലിന്യങ്ങൾക്കൊപ്പം നിക്ഷേപിക്കുന്നതും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി ചേർന്നുള്ള പദ്ധതി ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപറേഷനിലും ഉള്ള്യേരി ഗ്രാമപഞ്ചായത്തിലുമാണ് നടപ്പാക്കുന്നത്. സമഗ്രമായ പൈലറ്റ് സ്റ്റഡിക്കുശേഷം കേരളത്തിൽ മുഴുവൻ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ നേരിട്ടുചെന്നും പ്രത്യേക കേന്ദ്രങ്ങളിൽ ഒരുക്കുന്ന കലക്ഷൻ കേന്ദ്രങ്ങളിലൂടെയും ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നേരത്തേ മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഇതിനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ജനകീയ പങ്കാളിത്തത്തോടെ വീടുകളിൽ നേരിട്ടെത്തി മരുന്നുകൾ ശേഖരിച്ച് സംസ്കരിക്കുന്ന രീതി രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡേ, ഡ്രഗ്സ് കൺട്രോളർ ഇൻ ചാർജ് കെ. സുജിത്ത് കുമാർ, ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി. അജിത, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ സാജു ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
മരുന്നുകൾ നിക്ഷേപിക്കാൻ ഒരുക്കിയ ഡ്രോപ് ബോക്സിന്റെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പും മരുന്നുകൾ ശേഖരിച്ച് നിർമാർജനത്തിനായി കൊച്ചിയിലെ കീൽ കമ്പനിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മേയറും എം.കെ രാഘവൻ എം.പിയും ചേർന്നും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.