നിപ ബാധ സ്​ഥിരീകരിച്ച കോഴിക്കോട്​ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിലേക്കുള്ള റോഡ് കൂളിമാട് അടച്ചപ്പോൾ

നിപ വൈറസ്​: റോഡുകൾ അടച്ചു, കനത്ത ജാഗ്രത

മാവൂർ ​(കോഴിക്കോട്​): നിപ വൈറസ്​ ബാധിച്ച് 13കാരൻ മരിച്ച പാഴൂർ, മുന്നൂര് പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി. കുട്ടിയുടെ വീട്​ സ്​ഥിതി ചെയ്യുന്ന മാവൂർ പുൽപ്പറമ്പ്-കൂളിമാട് റോഡിൻ്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും നടുവിലായി 45 ഓളം വീടുകളാണുള്ളത്​. ഈ വീട്ടുകാരോട് ജാഗ്രത പുലർത്താൻ നിർദേശിച്ചു.

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ്​ മരിച്ച കുട്ടിയുടെ വീട്​. ഈ ഭാഗത്തേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. കുളിമാട് - പുൽപ്പറമ്പ് റോഡ് രാവിലെ ഒമ്പതോടെ അടച്ചു. വാർഡിലെ പോക്കറ്റ് റോഡുകളെല്ലാം രാത്രി 12 മുതൽ അടച്ചു തുടങ്ങിയിരുന്നു.

പ്രാഥമിക സമ്പർക്കമുള്ള പ്രദേശത്തെ 18 പേരുടെതുൾപ്പെടെ 152 ആളുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി. കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷനിലാണ്.

ആഗസ്റ്റ് 27നാണ് കുട്ടിക്ക് രോഗലക്ഷണം തുടങ്ങിയത്. തുടർന്ന്​ സമീപത്തെ ഒരു ക്ലിനിക്ക് അടക്കം അഞ്ച് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. പനിയും തലവേദനയും ഛർദിയും കൂടിയതിനെ തുടർന്ന് 28ന് സമീപത്തെ ക്ലിനിക്കിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടാണ്​ രണ്ടു സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയത്. ഈ ആശുപത്രികളിലും മറ്റും ഉള്ള അവരുടെ സമ്പർക്ക പട്ടികയും തയ്യാറാക്കുന്നുണ്ട്.

സെപ്റ്റംബർ ഒന്നിനാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ വെച്ചാണ് ഇന്നു പുലർച്ച 4.45 ന് മരണപ്പെടുന്നത്. പ്രദേശത്ത് കടുത്ത കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. ജനങ്ങൾ ഭീതിയിലാകേണ്ടതില്ലെന്നും എന്നാൽ, കടുത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

മാവൂർ സി.ഐ വിനോദൻ്റെ നേതൃത്വത്തിൽ പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് ജാഗ്രത പുലർത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ ഇ.പി. വത്സല എന്നിവർ പ്രദേശത്ത് കേന്ദ്രീകരിച്ച് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകുന്നുണ്ട്. ജില്ല സർവെലൈൻസ് ഓഫിസർ പിയൂഷ് സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - NIPAH virus: Roads closed, high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.