വി​വി​ധ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച ദ്വി​ദി​ന പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ അ​ശോ​ക​പു​രം റോ​ഡി​ൽ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത ഓ​ട്ടോ​റി​ക്ഷ

ഓട്ടോകളെ നേരിട്ട് സമരക്കാർ

കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ആദ്യദിനം അത്യാവശ്യകാര്യത്തിന് ഓട്ടംപോയവർക്ക് സമരക്കാരുടെ വക ഭീഷണിയും ആക്രമണവും. കാറുകളടക്കമുള്ള സ്വകാര്യവാഹനങ്ങളെ വെറുതെവിട്ട സമരക്കാർ ഓട്ടോകൾക്കെതിരെയാണ് രൂക്ഷമായി പ്രതികരിച്ചത്. മാവൂർ റോഡിന് സമീപം രണ്ടിടത്തായി ഓട്ടോയാത്രക്കാരെ സമരക്കാർ തടഞ്ഞു.

കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോവിന്ദപുരം സ്വദേശി പി. ലിബിജിത്തിന്‍റെ ഓട്ടോ സമരക്കാർ തകർത്തു. ലിബിജിത്തും ഭാര്യ ഷിംഷയും മക്കളായ ഏഴ് വയസ്സുകാരി അലീഷയും നാല് വയസ്സുള്ള അമീഷയും ഷിംഷയുടെ അമ്മ ഷീബയുമായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്.

അടുത്തിടെ വാങ്ങിയ ഓട്ടോ അമ്പലത്തിൽ പൂജിക്കാനായി പോയി മടങ്ങുമ്പോൾ രാവിലെ 10.45ഓടെ മാവൂർ റോഡ് ശ്മശാനത്തിന് തൊട്ടുമുന്നിലായിരുന്നു സംഭവം. ഏഴ് പേർ ഓടിയെത്തി അസഭ്യം പറയുകയും ചെരുപ്പൂരി ഓട്ടോയുടെ ചില്ല് അടിച്ചുപൊട്ടിക്കുകയുമായിരുന്നു. ചില്ല് തട്ടി ലിബിജിത്തിന്‍റെ കൈ മുറിഞ്ഞു. സംഭവം കണ്ട് പെൺമക്കൾ വാവിട്ടുകരഞ്ഞു. തൊട്ടപ്പുറത്ത് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് മുൻവശം സംയുക്ത സമരസമിതിയുടെ പന്തലിലെ നേതാക്കളോട് സംഭവം ശ്രദ്ധയിൽപ്പെടുത്താനെത്തിയ ലിബിജിത്തിന്‍റെ ഭാര്യ ഷിംഷയെ മൂന്ന് സ്ത്രീകൾ ബലമായി തടഞ്ഞുവെച്ചതായും പരാതിയുണ്ട്.

പിന്നീട് കസബ പൊലീസെത്തി ഓട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘം ചേർന്ന് ആക്രമിക്കൽ, ലഹളയുണ്ടാക്കൽ എന്നിവയടക്കം നാല് വകുപ്പുകൾ ചുമത്തി ഏഴുപേർക്കെതിരെ കസബ പൊലീസ് കേസെടുത്തു. സംഭവം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിലോയതിനാൽ കേസ് അങ്ങോട്ട് മാറ്റി. വായ്പയെടുത്ത് ഓടുന്ന ഓട്ടോ തകർത്തത് ഹൃദയഭേദകമാണെന്ന് ലിബിജിത്ത് പറഞ്ഞു.

മാവൂർ റോഡിൽ എൽ.ബി.എസ് സെന്‍ററിന് മുൻവശം റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ഓട്ടോയും തടഞ്ഞു. ദേശീയ ഫൂട്ട് വോളിബാൾ ചാമ്പ്യൻഷിപ്പിൽ റഫറിയായെത്തിയിരുന്ന ഒഡീഷ സ്വദേശിയായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. കോയമ്പത്തൂരിലേക്ക് ട്രെയിനിൽ പോകാനാണ് ഓട്ടോ വിളിച്ചത്. സ്ഥലം എസ്.ഐ അടക്കം നോക്കിനിൽക്കേ സമരക്കാർ ഓട്ടോയുടെ കാറ്റ് അഴിച്ചുവിട്ടു. വണ്ടി കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ട്രെയിനിന് പോകാനല്ലേ വിട്ടേക്ക് എന്ന് എസ്.ഐ പറഞ്ഞിട്ടും സമരക്കാർ കേട്ടില്ല. നിരവധി ഓട്ടോകളാണ് മാവൂർ റോഡിൽ തലങ്ങും വിലങ്ങും രാവിലെ തടഞ്ഞത്.

പണിമുടക്കിലും സജീവമായി ബേപ്പൂർ ഫിഷിങ് ഹാർബർ

ബേപ്പൂർ: ഹർത്താലും പണിമുടക്കും ബാധിക്കാത്ത ബേപ്പൂർ ഫിഷിങ് ഹാർബർ പതിവുപോലെ സജീവമായി. ട്രേഡ്‌ യൂനിയൻ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഭാഗികമായിരുന്നു. ഹാർബറിനോട് ചേർന്നുള്ള ഏതാനും കടകൾ ഭാഗികമായി പ്രവർത്തിച്ചു. ഐസ്സും വെള്ളവും കയറ്റി വലുതും ചെറുതുമായ വാഹനങ്ങൾ സർവിസ് നടത്തി. മത്സ്യവില്പന തകൃതിയായി നടന്നു. വലപ്പണിക്കാർ സാധാരണപോലെ ജോലിയിൽ ഏർപ്പെട്ടു. ഹർത്താലും ബന്ദും ഒരു നിലയിലും ബാധിക്കാത്ത മേഖലയാണ് ബേപ്പൂർ ഫിഷിങ് ഹാർബർ.

അതേസമയം, ബേപ്പൂർ തുറമുഖത്ത് തൊഴിലാളികൾ ജോലിക്ക് ഇറങ്ങാത്തത് കാരണം ചരക്കുനീക്കം തടസ്സപ്പെട്ടു. ഇന്നലെ ചരക്കു കയറ്റി പുറപ്പെടേണ്ട ഉരു, ബാർജ് തുടങ്ങിയവ പണിമുടക്ക് കാരണം നിശ്ചലമായി. ചരക്കുകൾ കയറ്റിപ്പോകുവാൻ ഇതരസംസ്ഥാനങ്ങളിൽനിന്ന് ഞായറാഴ്ച വൈകീട്ട് തുറമുഖത്ത് എത്തിയ ലോറികൾ ബേപ്പൂരിൽ തന്നെ തങ്ങി. ബേപ്പൂർ കയർ ഫാക്ടറിയിൽ തൊഴിലാളികൾ ജോലിക്ക് എത്താത്തത് കാരണം പ്രവർത്തനം തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ബേപ്പൂർ ബസ് സ്റ്റാൻഡിൽനിന്നും പുറപ്പെടുന്ന അറുപതോളം ബസുകൾ സർവിസ് നിർത്തിവെച്ചു. മോട്ടോർ സൈക്കിളുകളും ഏതാനും സ്വകാര്യ കാറുകളും മാത്രമാണ് നിരത്തിലിറങ്ങിയത്. അത്യാവശ്യ യാത്രക്കാർക്ക് ഏതാനും ഓട്ടോറിക്ഷകൾ സർവിസ് നടത്തി. അങ്ങാടിയിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. ബേപ്പൂർ ബി.സി റോഡിലെ കക്കാടത്ത് ഉരു നിർമാണ ശാലയും, ഫിഷിങ് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്ന യാർഡും പണിമുടക്കിൽ പങ്ക് ചേർന്നു.

സ്തംഭിച്ച് വ്യാപാരമേഖല

കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ആദ്യനാളിൽ വ്യാപാര, ഗതാഗതമേഖലയടക്കം പൂർണമായും സ്തംഭിച്ച് നഗരം നിശ്ചലമായി. പൊതുവാഹനങ്ങൾ പൂർണമായും ഒഴിഞ്ഞ നിരത്തിൽ ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങൾ മാത്രമാണ് ഓടിയത്. അവശ്യസേവനങ്ങളായ മെഡിക്കൽ ഷോപ്പുകൾ പോലുള്ളവയൊഴിച്ചാൽ കടകൾ തീരെ തുറന്നില്ല.

പെട്രോൾ പമ്പുകളടക്കം അടച്ചിട്ടതോടെ സ്വകാര്യവാഹനങ്ങൾ പലയിടത്തും വഴിയിൽ കുടുങ്ങി. മെഡിക്കൽ കോളജ് റൂട്ടിലെ ഒരു പമ്പാണ് തുറന്നത്. ഇവിടെ വൻ തിരക്കാണനുഭവപ്പെട്ടത്.

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള മാന്ദ്യം നീങ്ങുന്നതിനിടെയുള്ള പണിമുടക്കിനോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയടക്കമുള്ള സംഘടനകൾ പരസ്യമായി പ്രതികരിച്ചിരുന്നു.

കടകളെ പണിമുടക്കിൽനിന്നൊഴിവാക്കണമെന്നും തുറക്കുന്ന കടകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരുടെ കീഴിലെ കടകൾപോലും തിങ്കളാഴ്ച നഗരത്തിൽ തുറന്നില്ല. അതേസമയം, പണിമുടക്കുമായി സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി നേരത്തേ അറിയിച്ചിരുന്നു. ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടതിനാൽ തെരുവോരങ്ങളിൽ കഴിയുന്നവരടക്കം ഭക്ഷണത്തിന് പ്രയാസപ്പെട്ടു.

ചില സന്നദ്ധ സംഘടനകളുടെ പൊതിച്ചോർ വിതരണമാണ് പലർക്കും ആശ്വാസമായത്. മൊഫ്യൂസിൽ, പാളയം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ പൂർണമായും ആളൊഴിഞ്ഞ നിലയിലായിരുന്നു. റെയിൽവേ സ്റ്റേഷനിലാണ് അൽപമെങ്കിലും ആളനക്കമുണ്ടായത്. വാഹനങ്ങൾ തടയുന്നതടക്കം പരിശോധിക്കാൻ നഗരത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും മുഴുവൻ സമയവും പൊലീസ് സാന്നിധ്യമേർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - national strike suuporters and auto drivers clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.