1)ഉന്തിലും തള്ളിലും ചില്ലു തകർന്ന വസ്ത്ര വിൽപനശാല, 2) അപകടത്തിൽ പരിക്കേറ്റ കുട്ടിക്ക്
ചികിത്സ നൽകുന്നു
നാദാപുരം: ഓഫർ കേട്ട് വസ്ത്രം വാങ്ങാനെത്തിയവരുടെ ഉന്തിലും തള്ളിലും കണ്ണാടിച്ചില്ല് തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. നാദാപുരം എസ് മുക്കിലെ ദിബ്ലക്ക് എന്ന റെഡിമെയിഡ് വസ്ത്ര വിൽപനശാലയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ മുടവന്തേരി വണ്ണാറത്ത് ഷബീലി (22)നെ കണ്ണൂർ മിംസിലും നാദാപുരത്തെ സച്ചിനെ(16) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുഹമ്മദ് സഹൽ (കക്കട്ട്), നയനിക് (വളയം), അദ്വൈത് (വേറ്റുമ്മൽ), ആദിഷ് (വളയം), ഷാൻ വിൻ (ചെക്യാട്) എന്നിവരും നാദാപുരത്ത് ചികിത്സതേടി. ശനിയാഴ്ച രാവിലെ മുതൽ 'ഒരു ഷർട്ടിന് 99 രൂപ' വില പ്രകാരം ഓഫർ പ്രഖ്യാപിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച അറിയിപ്പു കണ്ട് ഷോപ്പിൽ തിരക്കു തുടങ്ങി. കടയിലേക്ക് കയറാനുള്ള തിരക്കിനിടയിലാണ് മുൻവശത്തെ ചില്ല് പൊട്ടി അപകടമുണ്ടായത്. ഇതിൽ നിസാര പരിക്കുമായി സ്ഥലം വിട്ടവരും ഏറെയാണ്.
ഇത്തരം ഓഫറുകളും അപകടം വരുത്തുന്നതരത്തിലുള്ള പ്രചാരണരീതികളും നിർത്തേണ്ടതാണെന്നും ചുളുവിൽ വസ്ത്രങ്ങൾ വിറ്റഴിച്ച് ലാഭവും കണ്ടെത്തുന്നവർ ജനങ്ങളുടെ ജീവന് വില കൽപിക്കണമെന്നും അല്ലെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു. കടയുടമക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.