കോഴിക്കോട്: വൃദ്ധ സഹോദരിമാരുടെ മരണത്തിൽ നടുങ്ങി പ്രദേശവാസികൾ. പരസ്പരം സഹിച്ചും സഹായിച്ചും ജീവിച്ച സഹോദരിമാരുടെ വേർപാടും സഹോദരന്റെ തിരോധാനവും സർവരുടെയും നൊമ്പരമായി. സംഭവം കൊലപാതകമാണെന്ന് ആദ്യഘട്ടത്തിൽതന്നെ ചേവായൂർ ഇൻസ്പെക്ടർ ടി. മഹേഷും സംഘവും സംശയിച്ചിരുന്നു.
മൃതദേഹം രണ്ട് മുറികളിലായി തുണികൊണ്ട് മൂടിയനിലയിലായിരുന്നു. സാധാരണ രീതിയിൽ കിടക്കുന്നതിന്റെ ലക്ഷണങ്ങളല്ല കണ്ടത്. ഇരുവരെയും മരിച്ചശേഷമാണ് തുണികൊണ്ട് മൂടിയതെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വിഷാംശം ഉള്ളിൽ ചെന്നുള്ള മരണമാണോയെന്നും സംശയമുയർന്നു. എന്നാൽ, ഈ സാധ്യത സ്ഥിരീകരിക്കത്തക്ക തെളിവുകൾ വീട്ടിൽനിന്ന് ലഭിച്ചിരുന്നില്ല.
അവശത കാരണം ഇരുവർക്കുമെതിരെ ബലപ്രയോഗം പോലും വേണ്ടാത്ത അവസ്ഥയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ ഇരുവർക്കും പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കില്ലായിരുന്നു. സംഭവത്തെതുടർന്ന് പ്രമോദിനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചെങ്കിലും രാത്രിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉച്ചക്ക് ഒന്നരക്ക് പ്രമോദിന്റെ ഫോൺ ഓണായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. പ്രമോദിന്റെ ഫോൺ ഫറോക്ക് പാലത്തിന് സമീപത്തുള്ള ടവറിന് കീഴിലാണുള്ളതെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ഈ ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കി. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിലും മറ്റും നിരീക്ഷിച്ചുവരുകയാണ്. ഇവരുടെ ബന്ധുക്കൾ ഫറോക്ക് ഭാഗങ്ങളിലുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇവിടെ പ്രമോദിന് സുഹൃത്തുക്കളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
സഹോദരിമാരുടെ വേദന കാണാൻ കഴിയാത്ത സഹോദരന്റെ കടുംകൈ
വേങ്ങേരി: സഹോദരിമാർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രമോദിന്, തനിക്ക് സഹിക്കാൻ കഴിയാത്ത അനുഭവങ്ങൾ വന്നുചേരുമെന്ന ആശങ്ക എത്തിച്ചത് കടുംകൈയിലേക്കെന്ന് സംശയം. എവിടെ പോയാലും സഹോദരിമാരെ ഓർത്ത് ഒന്നോ ഒന്നരയോ മണിക്കൂർകൊണ്ട് മടങ്ങിയെത്തി കാര്യങ്ങൾ അന്വേഷിക്കുന്ന പ്രകൃതമായിരുന്നു പ്രമോദിന്. സഹോദരിമാർ ദീനക്കിടക്കയിലേക്ക് നീങ്ങുകയാണെന്ന ആശങ്കയാണ് പരിചരിച്ച കൈകൾകൊണ്ടുതന്നെ കൊടുംകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അയൽവാസികൾ സംശയിക്കുന്നു. മരണാനന്തര ചടങ്ങുകൾക്കെന്ന നിലയിൽ പണവും എടുത്തുവെച്ചിരുന്നു.
സഹോദരനെ ഏറെ മണിക്കൂറുകൾ കാണാതിരുന്നാൽ ഇരു സഹോദരിമാരും അങ്കലാപ്പിലാവുന്നത്ര അടുപ്പമായിരുന്നു ഇവർക്കിടയിൽ. അതിനാൽ പ്രമോദ് ഏറെനേരം ഇവരിൽനിന്ന് അകന്നുനിൽക്കാറില്ല. സഹോദരിമാർക്ക് തന്നെ കണ്ടില്ലെങ്കിൽ ആധി കൂടുമെന്നതിനാൽ പരപ്പനങ്ങാടിയിലുള്ള ജോലിപോലും ഉപേക്ഷിച്ചു. പിന്നീട് കോഴിക്കോട്ടെ ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്നെങ്കിലും സഹോദരിമാർക്കൊപ്പം കൂടുതൽനേരം അടുത്തുണ്ടാകണമെന്നതിനാൽ അതും ഉപേക്ഷിച്ചു. ആരോഗ്യ വകുപ്പിൽ സ്വീപ്പറായി വിരമിച്ച സഹോദരി ശ്രീജയയുടെ പെൻഷനും പൂർവിക സ്വത്ത് വിറ്റതിൽ വീതംകിട്ടിയ തുക ബാങ്കിൽ നിക്ഷേപിച്ച ഇനത്തിലുള്ള വരുമാനവുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയം.
ബസപകടത്തിൽ പരിക്കേറ്റവേളയിൽ ലഭിച്ച ഇരുസഹോദരിമാരുടെയും പരിചരണത്തെക്കുറിച്ച് പ്രമോദ് അടുപ്പമുള്ളവരോട് ആവർത്തിച്ച് പറയാറുണ്ടായിരുന്നു. തന്നെ നോക്കിയ അവർക്കുവേണ്ടിയാണ് തന്റെ ജീവിതമെന്ന് അയൽവാസിയായ പുരുഷോത്തമനോട് അടുത്തിടെയും പറഞ്ഞിരുന്നു. അവർക്ക് വയ്യായ്ക വരുന്നത് ഒരിക്കലും പ്രമോദിന് താങ്ങാനായിരുന്നില്ല. സഹോദരിമാർക്ക് ചെറിയ വയ്യായ്ക വന്നാൽപോലും വിഷമത്തിലാകുന്ന പ്രമോദിന്, ഡോക്ടറെ കണ്ട് ഇവർക്ക് മരുന്നുവാങ്ങിക്കൊടുത്തെങ്കിലേ ആശ്വാസമാകുമായിരുന്നുള്ളൂ. സഹോദരിമാരോടുള്ള സ്നേഹത്തിന് മങ്ങലേൽക്കുമോ എന്ന ആശങ്കമൂലമാണ് വിവാഹംപോലും കഴിക്കാതിരുന്നതെന്ന് അടുത്ത ബന്ധുക്കളും പറയുന്നു. ഇംഗ്ലീഷ് പള്ളിക്ക് സമീപത്തായിരുന്ന കുടുംബം മൂന്നുവർഷമായി കരിക്കാംകുളത്ത് വാടകവീടെടുത്ത് താമസം തുടങ്ങിയിട്ട്.
പ്രമോദ് വിവരം അറിയിച്ചത് രണ്ടുപേരെ
വേങ്ങേരി: അമിത സ്നേഹംമൂലം ഇരുസഹോദരിമാരെയും പ്രമോദ് കടുംകൈക്ക് വിധേയമാക്കിയത് അർധരാത്രിയോടെയെന്ന് പൊലീസ് സംശയം. ശനിയാഴ്ച പുലർച്ച അഞ്ചോയോടെ പ്രമോദ് എരഞ്ഞിപ്പാലത്തുള്ള അടുത്ത സുഹൃത്തിനെയും ഫോണിൽ വിളിച്ച് സഹോദരി മരിച്ചെന്ന ഒറ്റവാക്കിലുള്ള വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.
ഏഴുമണിയോടെ സുഹൃത്ത് കരിക്കാംകുളത്തെ വീടിന് മുന്നിൽ എത്തിയപ്പോഴാണ് വിവരം അയൽവാസികൾപോലും അറിയുന്നത്. വീടിന് പുറത്ത് ആരുമില്ലാത്തതിനാലും വിളിച്ചിട്ട് വിളി കേൾക്കാത്തതിനാലും സുഹൃത്ത് സഹോദരിമാരെ സ്ഥിരമായി കാണിക്കുന്ന വെള്ളിമാട്കുന്നിലെ ആശുപത്രിയിലേക്ക് പോയി. ഉടൻതന്നെ പ്രമോദ് വിവരമറിയിച്ച ബന്ധുവും സ്ഥലത്തെത്തി. പുറത്ത് ആരെയും കാണാത്തതിനാൽ ചാരിയിട്ട വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുമുറികളിലായി കട്ടിലിൽ സഹോദരിമാർ കിടക്കുന്നത് കണ്ടത്. ഇരുവരുടെയും ശരീരത്തിൽ വെള്ളമുണ്ടും പുതപ്പിച്ചിരുന്നു. ഉടൻതന്നെ ചേവായൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.