മാവൂർ: എസ്.ഐ.ആർ ഫോറം അപ്ഡേറ്റ് ചെയ്തതിലെ അപാകത കാരണം 300ഓളം പേർക്ക് ഹിയറിങ്ങിന് നോട്ടീസ്. ഇതുമൂലം ദൂരദിക്കുകളിൽ ജോലിക്കും പഠനാവശ്യത്തിനും പോയവർവരെ ഹിയറിങ്ങിന് ഹാജരാകേണ്ട അവസ്ഥയിലാണ്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മാവൂർ മേച്ചേരിക്കുന്നിൽ മാവൂർ ജി.എച്ച്.എസ്.എസ് 142ാം നമ്പർ ബൂത്തിൽ ഉൾപ്പെട്ടവർക്കാണ് നോട്ടീസ് കിട്ടിയത്.
എസ്.ഐ.ആർ ഫോറങ്ങൾ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ ഓപ്ഷൻ മാറി നൽകിയതാണ് പ്രശ്നത്തിന് കാരണം. 2002ലെ വോട്ടർ പട്ടികയിൽ ഇല്ലാത്തവരും എന്നാൽ, മാതാപിതാക്കൾ 2002ലെ വാട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുമായ ആളുകളുടെ വിവരങ്ങളാണ് തെറ്റായി അപ്ഡേറ്റ് ചെയ്തത്. ഓപ്ഷൻ രണ്ടായി അപ്ഡേറ്റ് ചെയ്യുന്നതിന് പകരം മൂന്നായി അപ്ഡേറ്റ് ചെയ്തതിനാലാണ് ഇത്രയും പേർ ഹിയറിങ്ങിന് ഹാജരാകേണ്ടി വരുന്നത്. പ്രത്യേക സാഹചര്യത്തിൽ എൻ.എസ്.എസ് വളന്റിയർമാരെ അടക്കം ഉപയോഗിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടി വന്നതാണ് അപാകതക്ക് ഇടയാക്കിയതെന്നാണ് വിവരം.
ബൂത്തിൽ നിലവിലുണ്ടായിരുന്ന ബി.എൽ.ഒ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങിയതോടെ സ്ഥാനമൊഴിയേണ്ടിവന്നു. പകരം പുതിയ ബി.എൽ.ഒയെ ചുമതല ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ.ആർ പരിഷ്കരണ നടപടിയുടെ തിരക്കിനിടയിലായിരുന്നു ചുമതല കൈമാറ്റം.
പുതുതായി ചാർജെടുത്ത ബി.എൽ.ഒക്ക് മതിയായ പരിശീലനം ലഭിക്കുകയോ വേണ്ടത്ര സമയം കിട്ടുകയോ ചെയ്തില്ല. അതിനാൽ അപ്ഡേഷൻ നടപടികൾ നിശ്ചിത ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയിൽ വിദ്യാർഥി വളന്റിയർമാരെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതു കാരണം ഓപ്ഷൻ കൊടുക്കുന്നതിലും അപ്ഡേറ്റ് ചെയ്യുന്നതിലും അപാകത സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന ഹിയറിങ്ങിന് ഹാജരാകാൻ 80ലേറെ പേർക്ക് നോട്ടീസ് നൽകിയിരുന്നു. ദൂരദിക്കിൽ പഠിക്കാൻ പോയവരടക്കം ഹിയറിങ്ങിന് എങ്ങനെ എത്തുമെന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.