നിർമാണം നിലച്ച പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്
വെള്ളിമാട്കുന്ന്: പൂനൂർ പുഴക്ക് കുറുകെ 30 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന് പൂർത്തിയാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. സർക്കാർ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു നൽകിയില്ലെന്ന് ചൂണ്ടിക്കാണ്ടി കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി) പണി പൂർത്തിയാക്കാനാവാതെ പിൻവാങ്ങിയ അവസ്ഥയാണ്. നിർമാണ സാമഗ്രികളെല്ലാം ഇവിടെ നിന്ന് കൊണ്ടുപോയി. ലേബർ ക്യാമ്പിൽനിന്ന് തൊഴിലാളികളെ മറ്റു സൈറ്റുകളിലേക്ക് മാറ്റി. തങ്ങളുടേതല്ലാത്ത കാരണത്താൽ പണി നീണ്ടതിലുള്ള നഷ്ടം വലുതാണെന്നും 2016 ലെ നിരക്കുവെച്ച് ഇനി പണി തുടരാനാവില്ലെന്ന നിലപാടിലാണ് കരാർ കമ്പനി.
പാലം നിർമാണം 80 ശതമാനത്തോളം പൂർത്തിയായെങ്കിലും ഇരുകരകളെയും ബന്ധിപ്പിക്കാനായിട്ടില്ല. ഇരുകരകളിലും ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും ഇതിനുള്ള നടപടികൾ എവിടെയുമെത്തിയിട്ടില്ല. മൂന്ന് മാസം മുമ്പ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രനെ നാട്ടുകാർ നേരിൽ കണ്ട് ആശങ്ക അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. നടപടികൾ വേഗത്തിലാക്കാൻ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് അന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും നടന്നില്ല. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിനെയും എലത്തൂർ നിയോജക മണ്ഡലത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ സുപ്രധാന പദ്ധതി.
2021ൽ മന്ത്രി റോഷി അഗസ്റ്റിനാണ് തറക്കല്ലിട്ടത്. 18 മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. നാല് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാനായില്ല. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഫയൽ നീക്കം വൈകുന്നതും റവന്യൂ വകുപ്പിൽ സ്ഥലം ഏറ്റെടുക്കുന്നതിന് ഫയൽ തയാറാക്കിയതിൽ വലിയ വീഴ്ച വന്നതും പദ്ധതി വൈകാൻ കാരണമായിട്ടുണ്ട്. ഭൂമി വിട്ടുകൊടുക്കാൻ പരിസരവാസികൾ തയാറാണ്. പക്ഷേ, സർക്കാർ അതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതാണ് പ്രശ്നം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) ആണ് നിർമാണ മേൽനോട്ടം നടത്തുന്നത്.
കുരുവട്ടൂർ, കക്കോടി, ചേളന്നൂർ പഞ്ചായത്തിലെ ഗ്രാമങ്ങളെ എളുപ്പത്തിൽ കോഴിക്കോട് നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. പറമ്പിൽ ബസാറിൽനിന്ന് വെള്ളിമാട്കുന്ന്-കോവൂർ ബൈപാസ് റോഡിലേക്കാണ് പാലത്തിന്റെ അപ്രോച്ച് റോഡ് ചേരുന്നത്. കക്കോടി, കാരപ്പറമ്പ് മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കൂടിയാവും ഈ പദ്ധതി. നിലവിൽ പറമ്പിൽ ബസാറിൽനിന്ന് പൂളക്കടവ് നടപ്പാലം വഴിയാണ് ഇരുചക്രവാഹനങ്ങൾ വെള്ളിമാട്കുന്ന് ഭാഗത്തേക്ക് പോകുന്നത്. പഴയ നടപ്പാലം അപകടാവസ്ഥയിലാണ്. ആർ.സി.ബിയുടെ നിർമാണം അനിശ്ചിതത്വത്തിലായതോടെ ജനകീയ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. പറമ്പിൽ-പൂളക്കടവ് ജനകീയ സമിതി ജനുവരി 25ന് പ്രതിഷേധ ബൈക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.