ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ലോ​റി​യി​ൽ​നി​ന്നു വീ​ണ മ​ണ്ണ് പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ക​രാ​ർ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം ചെ​യ്യു​ന്നു

ഉപ്പിലാറ മലയിലെ മണ്ണെടുപ്പ്; ദുസ്സഹമായി ജനജീവിതം

ചെമ്മരത്തൂർ: ദേശീയപാത വികസനത്തിനായി ഉപ്പിലാറ മലയിൽനിന്ന് മണ്ണെടുക്കുന്നതുമൂലം കടവത്ത് വയൽ, മീങ്കണ്ടി, മേമുണ്ട പ്രദേശങ്ങളിലെ ജനം മാസങ്ങളായി ദുരിതത്തിൽ. മണ്ണ് വഹിച്ചുകൊണ്ട് ടോറസ് ലോറികൾ നിരന്തരം പായുന്ന മീങ്കണ്ടി-കീഴൽമുക്ക് റോഡ് പൂർണമായും തകർന്ന നിലയിലാണ്. പാതയോരത്തെ കെട്ടുകളും ഓവുചാലുകളും തകർന്നുനികന്നത് പ്രദേശത്തെ യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. അടുത്തിടെ നവീകരണം പൂർത്തിയാക്കിയ കാവിൽ-തീക്കുനി റോഡിന്റെ മീങ്കണ്ടി ഭാഗത്തുള്ള സംരക്ഷണ ഭിത്തികളും ലോറികൾ പാർക്ക് ചെയ്യുന്നത് കാരണം തകർന്നു. തകർച്ചക്ക് ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മേഖലയിൽ പൊടിശല്യം രൂക്ഷമായതോടെ വീട്ടുകാരും കച്ചവടക്കാരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പിടിയിലാണ്. സ്കൂൾ സമയങ്ങളിൽപോലും ചീറിപ്പായുന്ന ലോറികൾ വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റിന് മുന്നിൽ ലോറിയിൽനിന്ന് മണ്ണ് വീണത് വലിയ ആശങ്കയുണ്ടാക്കി. ഞായറാഴ്ച സ്കൂൾ അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ടിപ്പർ ലോറികളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളൊന്നും വാഗാഡ് കരാർ കമ്പനിക്ക് ബാധകമല്ലെന്ന നിലയിലാണ് കാര്യങ്ങൾ.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച മീങ്കണ്ടിയിൽ കോൺഗ്രസ് സായാഹ്ന ധർണ നടത്തി. പ്രശ്നങ്ങൾക്ക് പരിഹാരമില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. എ.കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. ടി.എം. രാമദാസൻ, പി.എ. ശങ്കരൻ, ബാലൻ വണ്ണാനാണ്ടി, ശ്രീജിത്ത് എടത്തട്ട എന്നിവർ സംസാരിച്ചു.

ദേശീയപാത വികസനം ലോറിയിൽനിന്ന് മണ്ണ് റോഡിൽ വീണു; പ്രതിഷേധിച്ച് നാട്ടുകാർ

വടകര: ദേശീയപാത വികസനത്തിനായി ഉപ്പിലാറ മലയിൽനിന്നുള്ള മണ്ണ് കൊണ്ടുപോകുന്നതിനിടെ റോഡിലേക്ക് വീണത് പ്രതിഷേധത്തിനിടയാക്കി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ റോഡിൽ ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം. വാഗാഡ് കമ്പനിയുടെ ലോറിയിൽനിന്നാണ് മണ്ണ് റോഡിൽ ചിതറിയത്. ലോറിയുടെ പിൻഭാഗം കൃത്യമായി ലോക്ക് ചെയ്യാത്തതാണ് മണ്ണ് പുറത്തേക്ക് വീഴാൻ കാരണമായത്. മണ്ണിനൊപ്പം വലിയ കല്ലുകളും ലോറിയിലുണ്ടായിരുന്നു.

ലോറികൾക്ക് പിന്നാലെ വരുന്ന വാഹന യാത്രക്കാരുടെ ദേഹത്ത് ഇവ വീണാൽ വൻ അപകടത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ ലോറികൾ തടഞ്ഞു. നാട്ടുകാർ പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്തെത്തി. റോഡിലെ മണ്ണ് പൂർണമായും നീക്കം ചെയ്താലേ ലോറികൾ കടത്തിവിടൂ എന്ന് നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് കമ്പനി തൊഴിലാളികളെത്തി മണ്ണ് നീക്കം ചെയ്ത ശേഷമാണ് പ്രതിഷേധം അവസാനിച്ചതും ഗതാഗതം പുനഃസ്ഥാപിച്ചതും. വൻ അപകടം ഒഴിവായെങ്കിലും നിർമാണ കമ്പനിയുടെ അശ്രദ്ധക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - Soil excavation in Uppilara Hill; People's lives are becoming difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.