പ്രതീകാത്മക ചിത്രം
മുക്കം: ഒരു കിലോമീറ്റർ നവീകരിക്കാൻ ചിലവഴിച്ചത് നാല് കോടിയിലേറെ രൂപ. നവീകരണം കഴിഞ്ഞ് യാത്രക്കാർക്കായി സംസ്ഥാന പാത തുറന്ന് കൊടുത്ത് വർഷം ഒന്ന് കഴിഞ്ഞിട്ടും അപാകതകൾക്കും അപകടങ്ങൾക്കും ഒരു കുറവുമില്ല. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനും ഓമശ്ശേരിക്കുമിടയിലുള്ള 20 കിലോമീറ്ററിനുള്ളിലെ കഥ മാത്രമല്ലിത്. ഏറെ പരാതികൾക്കും മാധ്യമ വാർത്തകൾക്കുമൊടുവിൽ റോഡ് താഴ്ന്ന ഭാഗം തീർത്തും അശാസ്ത്രീയമായ രീതിയിൽ റീടാറിങ് നടത്തിയപ്പോൾ യാത്രക്കാർക്ക് കിട്ടിയത് എട്ടിന്റെ പണി. ഒരു വർഷത്തിനിടെ നാനൂറോളം അപകടങ്ങൾ നടന്ന് നിരവധി ജീവനുകൾ പൊലിഞ്ഞ ഓടത്തെരുവ്, മാടാമ്പുറം ഭാഗങ്ങളിലെ അപകടമൊഴിവാക്കാനായി സ്ഥാപിച്ച റംബിൾ സ്ട്രിപ്പുകൾ ഒരു ഭാഗം പൂർണ്ണമായും മായ്ച്ച് ഡ്രൈവർമാർക്ക് കാണാത്ത തരത്തിലായിരുന്നു പ്രവൃത്തി. റോഡിന് കുറുകെയുണ്ടായിരുന്ന
റംബിൾ സ്ട്രിപ്പുകൾ ഇത്തരം ഇടങ്ങളിലൊക്കെ ഒരു ഭാഗത്ത് മാത്രമായി മാറിയിരിക്കുന്നു. മഴക്കാലമായാൽ വാഹനങ്ങൾ തെന്നിമാറി അപകടത്തിൽപ്പെടുന്നത് ഒരു പരിധിവരെ ഈ റംബിൾ സ്ട്രിപ്പുകൾക്ക് സാധിച്ചിരുന്നു. അതിന്റെ മുകളിലൂടെ ടാർ ചെയ്തത് മൂലം അതിപ്പോൾ റോഡിന്റെ ഒരു ഭാഗത്ത് മാത്രം കാണാം.
ഈ പാതയിലെ ഓരോ പ്രവൃത്തിയും അപൂർണമോ നിരന്തരം ആക്ഷേപങ്ങൾക്കിടയാക്കുന്നതോ ആണെന്ന് ചുരുക്കം. അടുത്ത കാലത്ത് ഇത്രയേറെ വാർത്തയിലിടം നേടിയ മറ്റൊരു സംസ്ഥാനപാത ഉണ്ടാകില്ല. നിർമാണത്തിലെ അശാസ്ത്രീയത മൂലം ഒട്ടേറെ ആക്ഷേപങ്ങൾ കേട്ട എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതക്ക് ഇനിയെന്നാണ് മോചനമുണ്ടാവുക.? നിരന്തരം പരാതിയുണ്ടായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ട് കരാർവ്യവസ്ഥ പൂർണമായി പാലിച്ച് റോഡ് നവീകരണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കണ്ണിൽപ്പൊടിയിടും പോലൊരു റീടാറിങ് പ്രവൃത്തി നടത്തിയത്. ടിപ്പർ പോലുള്ള ഭാരമേറിയ വലിയവാഹനങ്ങൾ കടന്നുപോയതിനെ തുടർന്ന് പലയിടങ്ങളിലും ചാലുകൾ രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളിലാവട്ടെ ചെറിയ കുമിളപോലെ മുഴകളും കുഴികളും രൂപപ്പെട്ടിരുന്നു. ഇവിടങ്ങളിലൊക്കെ ശാസ്ത്രീയാടിസ്ഥാനത്തിൽ പുന: പ്രവൃത്തി വേണ്ടിടത്ത് പേരിന് ടാറിങ് ചെയ്ത് മുഖം മിനുക്കുകയായിരുന്നു കരാർ കമ്പനി. എരഞ്ഞിമാവിനും ഓമശ്ശേരിക്കുമിടയിലായിരുന്നു പ്രധാന പ്രശ്നം.
എന്താണ് റംബിൾ സ്ട്രിപ്പുകൾ
സാധാരണയായി റോഡുകളിൽ അപകടം പതിയിരിക്കുന്ന വളവുകൾ, സ്കൂളുകൾ, അല്ലെങ്കിൽ പ്രധാന ജംഗ്ഷനുകൾക്ക് മുൻപായി അടുപ്പിച്ച് വരയ്ക്കുന്ന ലൈനുകളാണിത്. ഇതിലൂടെ വാഹനം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പ്രത്യേക ശബ്ദവും വൈബ്രേഷനും ഡ്രൈവർമാരെ വേഗത കുറയ്ക്കാൻ സഹായിക്കുന്നു. ഡ്രൈവർമാരുടെ ശ്രദ്ധ റോഡിലെ അപകടസാധ്യതകളിലേക്കോ, വേഗത കുറയ്ക്കേണ്ട സ്ഥലങ്ങളിലേക്കോ ആകർഷിക്കാൻ റോഡിൽ കുറുകെ വരയ്ക്കുന്ന വെളുത്തതോ മഞ്ഞയോ ആയ വരകളെയാണ് റംബിൾ സ്ട്രിപ്പുകൾ (Rumble strips) അല്ലെങ്കിൽ അലേർട്ട് ലൈനുകൾ (Alert lines / Rumble lines) എന്ന് പറയുന്നത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിൽ നവീകരണം നടന്ന ഈ സംസ്ഥാനപാത എന്നാണ് വ്യവസ്ഥപ്രകാരം പൂർത്തിയാക്കുന്നതെന്ന ചോദ്യം ബാക്കിയായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.