പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഒരാഴ്ചയായിട്ടും പിടികൂടിയില്ല

മുക്കം: തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുക്കത്ത് 2.8 കിലോ ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. അതിനിടെ അന്വേഷണത്തിനായി തിരുവമ്പാടി എസ്.ഐ ജിതേഷിന്റെ നേതൃത്വത്തിൽ മൂന്ന് അംഗ പൊലീസ് സംഘം വഡോദരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രതിക്കൊപ്പമുണ്ടായിരുന്ന ആറംഗ സംഘം സ്ഥലത്ത് തുടരുകയാണ്.

ഇവിടെ ലോക്കൽ പൊലീസിന്റെ സഹായത്തോടെ അന്വേഷണവും നടക്കുന്നുണ്ട്. അതിനിടെ പ്രതി ഡൽഹിയിലേക്ക് കടന്നിരിക്കാമെന്ന സാധ്യത പരിഗണിച്ച് അന്വേഷണം ഡൽഹിയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിലും സംഘം തിരിച്ചെത്താത്ത സാഹചര്യത്തിൽ അവർക്കെതിരെ നടപടിയെടുക്കാനും സാധിച്ചിട്ടില്ല. മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയാണ് (36) ഗുജറാത്തിലെ വഡോദരയ്ക്ക് സമീപത്ത് വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മുഹമ്മദ് ഹനീഫയും ബേപ്പൂർ സ്വദേശി റയ്ഹാനത്തും രണ്ടിടങ്ങളിൽ നിന്നായി 2.8 കിലോഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്നാണ് ഇരുവരും വൻതോതിൽ എം.ഡി.എം.എ എത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് തെളിവെടുപ്പിനായി സംഘം പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടു പോയത്. മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറു പേരടങ്ങിയ സംഘമാണ് രാജധാനി എക്സ് പ്രസിൽ പ്രതിയുമായി കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പ്രതിയെ കൈവിലങ്ങ് അണിയിച്ചാണ് കൊണ്ടു പോയിരുന്നത്.

രാത്രി പതിനൊന്നരയോടെ പ്രതി ബാത്ത് റൂമിൽ പോകാനുണ്ടെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, രണ്ടു പൊലീസുകാർ പ്രതിയെ കമ്പാർട്ട്മെന്റിലെ ശൗചാലയത്തിനടുത്തേക്ക് കൊണ്ടു പോയി. ഈ സമയം പൊലീസുകാരെ തട്ടിയിട്ട് പ്രതി തൊട്ടടുത്ത കംപാർട്ട്മെന്റിലേക്ക് ഓടി. പൊലീസുകാർ പ്രതിയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. നിമിഷങ്ങൾക്കകം ട്രെയിൻ വഡോദര റെയിൽവേ സ്റ്റേഷനിലെത്തുകയും ചെയ്തു. ഈ സമയം പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊലീസ് സംഘം പറയുന്നത്.

കാലി വ്യാപാരത്തിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുന്ന മുഹമ്മദ് ഹനീഫ റയ്ഹാനത്തിനൊപ്പം വിമാന മാർഗം ഡൽഹിയിലെത്തിയാണ് എം.ഡി.എം.എ വാങ്ങിയിരുന്നത്. കിലോ കണക്കിന് എം.ഡി.എം.എ റയ്ഹാനത്തിന്റെ കൈവശം നൽകി ട്രെയിനിൽ കേരളത്തിലേക്ക് കയറ്റി വിടും. ട്രെയിൻ കോഴിക്കോടെത്തുമ്പോഴേക്കും വിമാന മാർഗം കേരളത്തിലെത്തുന്ന ഹനീഫ, റയ്ഹാനത്തിനെ റെയിൽവേ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ട് പോകുകയാണ് പതിവ്. കഴിഞ്ഞ മാർച്ചിൽ മാത്രം ഇയാൾ മൂന്ന് തവണ ഡൽഹി യാത്ര നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഡൽഹിയിലേക്ക് ഒട്ടേറെ തവണ ട്രെയിനിലും യാത്ര നടത്തിയിട്ടുള്ള പ്രതി, ഈ യാത്ര അനുഭവം ഉപയോഗപ്പെടുത്തി ആസൂത്രിതമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആറു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വടകര റൂറൽ എസ്.പി ടി. ഫറാഷിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും മുക്കം പൊലീസും ചേർന്ന് എം.ഡി.എം.എയുമായി മുഹമ്മദ് ഹനീഫയെ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയയുമായി വലിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഹമ്മദ് ഹനീഫയെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അന്വേഷണ സംഘം.

Tags:    
News Summary - The suspect who escaped from police custody has not been caught for a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.