കോഴിക്കോട്: ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവിനെ കണ്ടെത്തിയതും ‘കാഥികന്റെ പണിപ്പുര’യിൽനിന്ന്. 1979ൽ എം.ടിയുടെ തൂലികയിൽനിന്ന് വിടർന്ന നീലത്താമരയുടെ നിർമാതാവ് അബ്ബാസ് മലയിലിന് ചിത്രം നിർമിക്കുമ്പോൾ പ്രായം 23. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് അഞ്ചു ലക്ഷം രൂപയായിരുന്നു. അംബികയുടെ ആദ്യ ചിത്രമായ നീലത്താമരയിൽ നടന്മാർക്ക് അന്ന് നൽകിയത് വൻ പ്രതിഫലമായിരുന്നു. രവികുമാർ നായകനായ ചിത്രത്തിൽ സത്താറും ബഹദൂറും കുതിരവട്ടം പപ്പുവും പ്രധാന വേഷമിട്ടു. അംബികക്ക് നിർമാതാവ് നിശ്ചയിച്ച തുക മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നെങ്കിലും അത് മലയാള സിനിമയിലെ നല്ല എൻട്രിയായി. അംബികക്ക് അന്ന് പ്രായം 17 മാത്രമായിരുന്നുവെന്ന് നിർമാതാവ് അബ്ബാസ് മലയിൽ പറഞ്ഞു. രവികുമാറിന് 15,000 രൂപയായിരുന്നു പ്രതിഫലം. കുതിരവട്ടം പപ്പുവിന് 10,000 രൂപയും. സ്റ്റണ്ട് പടങ്ങൾക്ക് പ്രിയമുള്ള കാലത്താണ് തൊഴിലാളിയുടെയും തൊഴിലുടമയുടെയും പ്രണയകഥയുമായി എം.ടി പുതിയ വഴിവെട്ടിയതെന്ന് അബ്ബാസ് മലയിൽ പറയുന്നു.
സിനിമയിലെ കഥകൾക്കും കഥാപാത്രങ്ങൾക്കും ഒരുതരത്തിലുമുള്ള തിരുത്തലും വരുത്തരുതെന്ന കർശന നിർദേശമായിരുന്നു സംവിധായകന് നൽകിയത്. എം.ടിയുടെ ജന്മനാടായ കൂടല്ലൂരിലായിരുന്നു ഷൂട്ടിങ്. ദേവരാജൻ മാസ്റ്റർ സംഗീതം ചെയ്ത നീലത്താമരക്കുശേഷം അബ്ബാസ് മലയിൽ രണ്ടു ചിത്രങ്ങൾകൂടി മാത്രമേ നിർമിച്ചുള്ളൂവെങ്കിലും ആദ്യ തിരക്കഥാകാരനുമായുള്ള ബന്ധം നിലച്ചില്ല. 2009ൽ പുതിയ മാറ്റങ്ങളുമായി എം.ടിയുടെയും അബ്ബാസ് മലയിലിന്റെയും ‘നീലത്താമര’ ലാൽ ജോസിലൂടെ വീണ്ടും മലയാളത്തിൽ വിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.