രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്

വിവരസാങ്കേതിക വിപ്ലവത്തിന് രാമനാട്ടുകര കിൻഫ്ര ഒരുങ്ങുന്നു

കോഴിക്കോട്: മലബാറിൽ വിവരസാങ്കേതികവിദ്യാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കിൻഫ്രയൊരുങ്ങുന്നു. മലബാറിന്റെ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിൽ നിരവധി പദ്ധതികളാണ് പൂർത്തിയാവുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ യുവാക്കളുടെ സാങ്കേതിക വൈദഗ്ധ്യത്തെ ഫലപ്രദമായി വിനിയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് പ്രവർത്തിക്കുന്നത്.

ഹൈടെക് വ്യവസായങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നതിലൂടെ, കേരളത്തിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിൽ രാമനാട്ടുകര കിൻഫ്ര പാർക്ക് നിർണായക പങ്ക് വഹിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിക്ഷേപകർക്കും സംരംഭകർക്കും ഒരുപോലെ ആകർഷകമായ സ്ഥലമാക്കി രാമനാട്ടുകരയെ മാറ്റും. രാമനാട്ടുകരയിലെ കിൻഫ്ര പാർക്ക് ഒരു വ്യവസായ സമുച്ചയം മാത്രമല്ല, അത് പ്രദേശിക സമ്പദ്‌വ്യവസ്ഥയുടെ ചലനശക്തികൂടിയാകും.

രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്‌ഡ് ടെക്നോളജി പാർക്കിനുവേണ്ടി 78 എക്കറോളം സ്ഥലം ഏറ്റെടുക്കുകയും അതിന്റെ ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ഒരുലക്ഷം സ്ക്വയർഫീറ്റ് ഏരിയയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഐ.ടി, ഐ.ടി.ഇ.എസ് യൂനിറ്റുകൾക്കു അലോട്ട് ചെയ്യുന്നതിനായി നിർമിക്കുകയും 2022ൽ അതിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. ഇതിൽ 60000 സ്ക്വയർഫീറ്റ് ആണ് അലോട്ടബിൾ ഏരിയയായി കണക്കാക്കിയിട്ടുള്ളത്. നിലവിൽ 45ഓളം ഐ.ടി, ഐ.ടി.ഇ.എസ് യൂനിറ്റുകൾക്ക് അലോട്ട്മെന്റ് നൽകുകയും അതിൽ 36 എണ്ണം പ്രവർത്തനമാരംഭിക്കുകയും ചെയ്‌തതായി മന്ത്രി അറിയിച്ചു. 36 കമ്പനികളിലായി ഏകദേശം മുന്നൂറോളം വിദഗ്ധ തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തുവരുന്നതായും അദ്ദേഹം പറഞ്ഞു.

കേരള സർക്കാരിന്റെ ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ ഭാഗമായി നിലവിലെ എസ്.ഡി.എഫ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെ.എസ്.ഐ.ടി.ഐ.എൽ) സ്ഥലം അനുവദിച്ചുകഴിഞ്ഞു. നാലുമാസത്തിനകം ഇവിടുത്തെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് കെ.എസ്.ഐ.ടി.ഐ.എൽ അധികൃതർ അറിയിച്ചു. ഈ പ്രവൃത്തികൂടി പൂർത്തിയാവുന്നതോടെ കിൻഫ്രയിൽ ഏകദേശം 600 പേർക്ക് നേരിട്ടുള്ള തൊഴിൽ ലഭ്യമാവുകയും അത്രതന്നെ പേർക്ക് പരോക്ഷമായി തൊഴിൽ ലഭിക്കുകയും ചെയ്യും.

കേരളത്തിലെ പ്രതിഭാശാലികളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രയോജനപ്പെടുത്തുന്നതിനായി തുടങ്ങിയ ഈ പാർക്ക്, മേഖലയിലെ ഐ.ടി, ഐ.ടി.ഇ.എസ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ തുടങ്ങിയവയുടെ വളർച്ചക്കും മുതൽക്കൂട്ടാവും.

റോഡ്, റെയിൽ, വ്യോമ, കടൽ മാർഗങ്ങളിലൂടെ സമാനതകളില്ലാത്ത കണക്റ്റിവിറ്റികൂടിയാണ് രാമനാട്ടുകര കിൻഫ്ര പാർക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ അതിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് ദേശീയ, അന്തർദേശീയ വിപണികളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന കേരളത്തിന്റെ പ്രശസ്തിക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുന്നതാകും കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്.

Tags:    
News Summary - Ramanattukara KINFRA is preparing for the information technology revolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.