കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ പ്രതി അറ്റൻഡർ ശശീന്ദ്രനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലേക്ക്. പ്രതിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി അന്തിമ വാദം കേൾക്കൽ ആരംഭിച്ചു.
മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ ഡോ. പ്രിയതയുടെ നേതൃത്വത്തിലാണ് വാദം കേൾക്കുന്നത്. വാദം കേൾക്കൽ പൂർത്തിയാക്കി ഒരു മാസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കുക.
സർജിക്കല്‍ ഐ.സി.യുവിൽ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് മെഡിക്കൽ കോളജിലെ അറ്റൻഡർ ശശീന്ദ്രനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ പ്രതിയുടെ സസ്പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ പ്രതിക്കെതിരായ മൊഴി തിരുത്താൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ മറ്റ് അഞ്ചു ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.