കോഴിക്കോട്: ക്രിസ്മസ്, നവവത്സര ആഘോഷങ്ങൾക്ക് മങ്ങലേൽപിച്ച് അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും അനിയന്ത്രിതമായ വിലക്കയറ്റം തുടരുന്നു. മത്സ്യമൊഴികെ ഭക്ഷ്യവസ്തുക്കൾക്ക് പൊള്ളുന്ന വിലയാണ്.
ക്രിസ്മസ് ആഘോഷവേളയിൽ വിലക്കയറ്റം പിടിച്ചു നിർത്താനാവാത്തത് ജനജീവിതം ദുസ്സഹമാക്കി. അരിയുൾപ്പെടെ അവശ്യവസ്തുക്കൾക്ക് പോലും വില കുതിച്ചുയരുകയാണ്. നൂറിൽ എത്തിയ തക്കാളി വില അറുപതിലാണിപ്പോൾ. ശബരിമല സീസണായതിനാൽ മീനിന് വിലക്കുറവുണ്ട്. സാധനങ്ങൾക്ക് വില കൂടിയതോടെ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. അരമുറുക്കി ഉടുക്കേണ്ട അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മറിച്ചുവില്പന എന്നിവ തടയാൻ പൊതുവിതരണവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന തുടങ്ങി.
എലത്തൂര്‍, പുതിയങ്ങാടി, വെസ്റ്റ് ഹില്‍ പ്രദേശങ്ങളിലെ 43 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കൊയിലാണ്ടി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. പച്ചക്കറിക്കടകളില്‍ തക്കാളിയുടെ വില ഏകീകൃതമായി 50 രൂപയായി കുറച്ച് വില്പന നടത്താൻ നിർദേശം നല്‍കിയതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സ്ക്വാഡില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിലെ അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്. മുരഹരക്കുറുപ്പ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ടി.പി. രമേശന്, കെ. സുരേഷ്, കെ. ശ്രീധരന്, സജിത് കുമാര്‍, ഇ. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.