മാനാഞ്ചിറ മൈതാനം കാടുപിടിച്ച നിലയിൽ
കോഴിക്കോട്: നഗരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കോർപറേഷൻ അധികൃതർ വാതോരാതെ പ്രസംഗിക്കുമ്പോഴും നഗരമുദ്രയായ മാനാഞ്ചിറ മൈതാനം കാടുപിടിച്ച് കിടക്കുന്നു. വിഷജന്തുക്കൾ വിഹരിക്കുന്ന പുൽക്കാടുകൾക്കിടയിലൂടെയാണ് സന്ദർശകർ നടക്കുന്നത്. ദിനേന നൂറുകണക്കിന് സന്ദർശകൾ കുടുംബസമേതമെത്തുന്ന പാർക്കിലാണ് അധികൃതരുടെ അനാസ്ഥ. മുതിർന്നവർക്കൊപ്പമെത്തുന്ന കുട്ടികൾ ഓടിക്കളിക്കുന്നത് അരക്കുമീതെ വളർന്ന പുൽക്കാടിനിടയിലൂടെയാണ്.
പുൽവെട്ടിയന്ത്രമുപയോഗിച്ച് ഒന്നോ രണ്ടോ ദിവസംകൊണ്ട് ഈ കാട് വെട്ടിത്തെളിക്കാം. കോർപറേഷൻ ശുചീകരണ തൊഴിലാളികൾ മറ്റു പലയിടങ്ങളിലും ശുചീകരണം നടത്തുന്നുണ്ടെങ്കിലും ഈ പാർക്കിൽ എത്തുന്നില്ല. ജില്ലക്ക് പുറത്തുള്ളവർപോലും നഗരത്തിൽ വരുമ്പോൾ മാനാഞ്ചിറ സന്ദർശിക്കുന്നത് വളരെ താൽപര്യത്തോടെയാണ്. അഴക് പദ്ധതി നടപ്പിലാക്കുന്ന ഈ നഗരത്തിന്റെ അഴകില്ലായ്മക്ക് ഉദാഹരണമാണ് മാനാഞ്ചിറ മൈതാനം.
പാർക്കുകൾ പരസ്യ കമ്പനികളെ ഏൽപിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പദ്ധതി കോർപറേഷൻ നേരത്തെ നടപ്പാക്കിയിരുന്നു. അതിന്റെ അവസ്ഥ എന്താണെന്നറിയില്ലെന്ന് വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ പറയുന്നു. മാനാഞ്ചിറയിൽ ലൈറ്റ് കത്താത്ത വിഷയവും പരിപാലന വിഷയവും പല തവണ കൗൺസിലിൽ ഉന്നയിച്ചതാണെന്നും കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.