ഉന്നത പഠനത്തിന്റെ പുതുവഴികൾ തെളിച്ച് മാധ്യമം എജുകഫേക്ക് സമാപനം

കോഴിക്കോട്: ആയിരക്കണക്കിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ പുതുവഴികൾ വരച്ചും വെളിച്ചം വിതറിയും രണ്ടു ദിവസം നീണ്ടുനിന്ന മാധ്യമം എജുകഫേക്ക് സമാപനം. കൺഫ്യൂഷൻ വേണ്ട ഫ്യൂച്ചർ സെറ്റാണ് എന്ന ടാഗ് ലൈനോടെ കോഴിക്കോട് ബീച്ച് ആസ്പിൻ കോർട്ട് യാഡിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ 'മാധ്യമം എജുകഫേയിൽ ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്.

പഠനത്തിന്റെയും ജോലിയുടെയും തെരഞ്ഞെടുപ്പിൽ വ്യക്തതയും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്സ്‌പോ ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും മികച്ച പ്രതികരണത്തോടെയുമാണ് സമാപിച്ചത്. രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ ഒന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, വിദഗ്ധർ എന്നിവർ വേദിയിൽ ഒന്നിച്ചുകൂടിയപ്പോൾ മറ്റൊരിടത്തും കാണാത്ത അപൂർവാനുഭവവുമായി മാറി. ഭാവിയിൽ കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കണമെന്ന പ്രാർഥനയും പ്രതീക്ഷയും വെച്ചാണ് അവസാന ദിവസം പരിപാടിയിൽ സംബന്ധിച്ചവർ മടങ്ങിയത്. വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി സിജി കരിയർ കൗൺസിലർ ഷാഹിദ് എളേറ്റിൽ ‘ടേണിങ് കൺഫ്യൂഷൻ ഇൻടു എ കാരിയർ സ്ട്രാറ്റജി’ എന്ന വിഷയത്തിലുള്ള സംസാരത്തോടെ ആദ്യ സെഷൻ ആരംഭിച്ചു.

ബ്രിഡ്ജിയോൺ സി.ഇ.ഒയും പ്രമുഖ മെന്ററുമായ ജാബിർ ഇസ്മായിൽ സ്കിൽ ബേസ്ഡ് കോഴ്സസ് എന്ന സെഷനിലും, പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ ഫാത്തിമ നർഗിസ് ഷിഹാബ് മൈക്ക് ഓൺ വേഡ് ഓൺ ഫൈൻഡ് യുവർ വോയ്സ് ആൻഡ് പവർ എന്ന വിഷയത്തിലും സംസാരിച്ചു. ഗിന്നസ് റെക്കോഡ് ഹോൾഡർ ഐ.ക്യൂ മാൻ ഓഫ് കേരള അജി ആർ, കേരള കാഡർ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും യു.എന്നിനു കീഴിലെ ഐ.എൽ.ഒ പ്രതിനിധിയുമായ എം.പി.ജോസഫ്, രേവ യൂനിവേഴ്സിറ്റ് അസി.പ്രഫ. അജ്ഞലി സുരേന്ദ്രൻ , മെന്റർ അഷിമ ജോഷി, മുഹമ്മദ് ജാബിർ, മെന്റലിസ്റ്റ് താഹിർ, ഒ. അബ്ദുറഹിമാൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 'കൗമാരക്കാരിൽ വർധിച്ചുവരുന്ന ഉത്കണ്ഠയും വിഷാദവും' എന്ന വിഷയത്തിൽ പ്രത്യേക പാനൽ ചർച്ചയും നടന്നു. അശ്വതി ശ്രീകാന്ത് ഹോസ്റ്റ് ചെയ്യുന്ന പാനൽ ചർച്ചയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായ അനുനന്ദയും ഡോക്ടർ റഹീമുദ്ദീനും പങ്കെടുത്തു. സംശയനിവാരണത്തിനായി ഒരുക്കിയ ഇന്ററാക്ടീവ് സെഷനുകൾ വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ സ്വീകരിച്ചു.

  മനുഷ്യർക്കൊപ്പം ജീവിക്കാൻ പഠിക്കണം

കോഴിക്കോട്: മനുഷ്യർക്കൊപ്പം ജീവിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ. മാധ്യമം എജുകഫേയിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിനൊന്ന് മോശപ്പെട്ട അവസ്ഥയിലേക്കാണ് ലോകം കടക്കുന്നത്. ലോകത്തിന്റെ ആധിപത്യം സ്വന്തം കൈകളിലേക്ക് ഒതുക്കാനാണ് ചില രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. ഏത് പാതയിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നതെന്ന ബോധ്യം ഉണ്ടാകണം.

സമൂഹത്തിനോട് ഉത്തരവാദിത്തമുള്ളവരായി വളരണം.ലോകത്തിലെ മൊത്തം സാഹചര്യം അനുകൂലമാകുമ്പോഴാണ് സ്വന്തം കഴിവുകൾ വളർത്തിയെടുക്കാൻ കഴിയുക.അതിനാൽ സാമൂഹിക പ്രതിബദ്ധത മുറുകെ പിടിക്കണമെന്നും ജാതിയോ മതമോ അല്ല മനുഷ്യസമൂഹത്തോടുള്ള ബാധ്യതയാണ് ഉത്തരവാദിത്തമായി കരുതേണ്ടത്. എങ്കിൽ മാത്രമേ ലോകം സമാധാനത്തോടെ നീങ്ങൂ. കുട്ടികൾക്ക് ഭാവിയെക്കുറിച്ചുള്ള ദിശാബോധം നൽകാൻ ഇത്തരം പരിപാടികൾക്ക് കഴിയുന്നുവെന്നത് ആശാവഹമാണെന്നും ഒ. അബ്ദുറഹിമാൻ പറഞ്ഞു.

Tags:    
News Summary - madhyamam educafeconcludes, paving the way for new avenues of higher learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.