കോഴിക്കോട്: നഗര ഹൃദയം തൊട്ടുള്ള മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കേരളപ്പിറവിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒ.ടി. ശാരദ കൃഷ്ണൻ കോഴിക്കോടിന്റെ ആദ്യ മേയറായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ എച്ച്. മഞ്ജുനാഥ റാവുവിനെ തോൽപിച്ച് ചരിത്രത്തിന് തുടക്കമിട്ട പഴയ കോഴിക്കോട് ഒന്ന് മണ്ഡലം ഉൾപ്പെട്ട കോഴിക്കോട് നോർത്ത് ഇപ്പോൾ എൽ.ഡി.എഫിന്റെ സ്ഥിരം തട്ടകമാണ്. ഈ കുത്തക ലോക്സഭയിലും നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. എം.കെ. രാഘവന്റെ നാലാം വരവ് തടയാനുള്ള നീക്കത്തിൽ മണ്ഡലം കരീമിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പുകൾ. എന്നാൽ, ഭൂരിപക്ഷം കുറഞ്ഞാലും ലീഡ് നിലനിർത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
എറ്റവുമൊടുവിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തോൽപിച്ചത് യൂത്ത് കോൺഗ്രസ് നേതാവ് കെ.എം. അഭിജിത്തിനെ. തുടർച്ചയായി മൂന്നുതവണ എ. പ്രദീപ് കുമാർ എം.എൽ.എയായ മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രദീപിനെയും ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മറുചേരിയിലെ എം.കെ. രാഘവനെയും ജയിപ്പിക്കുക എന്നത് മൂന്നു തവണയും മണ്ഡലത്തിന്റെ സ്വഭാവമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവനെതിരെ പ്രദീപ് കുമാർ തന്നെ സ്ഥാനാർഥിയായപ്പോൾ പക്ഷേ രാഘവൻ ലീഡ് നേടി. ’87 മുതൽ ഇടതുവലത് മുന്നണികളെ മാറി മാറി പിന്തുണക്കുകയെന്നതായിരുന്നു മണ്ഡലത്തിന്റെ സ്വഭാവം.
എന്നാൽ, പ്രദീപ് കുമാർ മത്സരിക്കാൻ വന്നതോടെ അക്കഥ മാറി. നിയമസഭയിലേക്ക് ഓരോ തവണയും പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം കൂടിവന്നു. കോഴിക്കോട് ഒന്ന് എന്ന് 1957 മുതൽ അറിയപ്പെട്ട മണ്ഡലം അതിർത്തി മാറ്റത്തോടെ നോർത്തായി മാറുകയായിരുന്നു. മാവൂർ റോഡിന് വടക്ക് നോർത്ത് മണ്ഡലവും തെക്ക് സൗത്തുമെന്ന രീതിയിലാണ് അതിർത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിക്കുകയും യു.ഡി.എഫിന് ശക്തി കുറയുകയും ബി.ജെ.പി വോട്ട് വർധിപ്പിക്കുകയും ചെയ്യുക എന്ന സ്വഭാവവും മണ്ഡലത്തിലുണ്ട്. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏഴിൽ ആറു സീറ്റും മണ്ഡലത്തിൽ നിന്നെന്നത് അവർക്ക് ആത്മവിശ്വാസമേറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.