കുടുംബശ്രീ ഭക്ഷണവണ്ടി

വരുന്നൂ, കുടുംബശ്രീയുടെ ഭക്ഷണവണ്ടി

കോഴിക്കോട്: തെരുവുകളിൽ ചൂടോടെ തട്ടുദോശയും ചട്നിയും ഓംലറ്റും നൽകാൻ ഇനി കുടുംബശ്രീയുടെ ഭക്ഷണവണ്ടിയും. കുടുംബശ്രീ സമഗ്ര തൊഴിൽദാന പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണവണ്ടികൾ ഒരുങ്ങുന്നത്. കുടുംബശ്രീ സംരംഭക ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് വണ്ടികൾ തയാറാക്കുന്നത്.

മൂന്നു മുതൽ അഞ്ചുവരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കാണ് ഭക്ഷണവണ്ടിക്കായി സബ്സിഡി ലഭിക്കുക. പദ്ധതിക്കായി നാല് ശതമാനം പലിശക്ക് 4,80,000 രൂപ ബാങ്ക് ലോൺ നൽകുകയും ബാക്കി പലിശ സബ്സിഡി നൽകുകയുമാണ് ചെയ്യുക. ഇതുവരെ 10 ഗ്രൂപ്പുകൾ ഭക്ഷണവണ്ടിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോർപറേഷൻ കുടുംബശ്രീ കോഓഡിനേറ്റർ കെ. പ്രകാശൻ പറഞ്ഞു.

അടുക്കളസംവിധാനം ഉൾക്കൊള്ളുന്ന ഗുഡ്സ് ഓട്ടോറിക്ഷകളാണ് ഭക്ഷണവണ്ടി. കുടുംബശ്രീ അംഗങ്ങൾക്കായി മൊബൈൽ ഫുഡ്കോർട്ട് എന്ന ആശയമാണ് ഭക്ഷണവണ്ടിയായി പരിണമിച്ചത്. പരിസ്ഥിതസൗഹൃദ അടുക്കളയാണിത്. കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സി.എൻ.ജി) ആണ് വാഹനത്തിന് ഇന്ധനമായി ഉപയോഗിക്കുന്നത്. വെളിച്ചത്തിനും വൈദ്യുതി ഉപയോഗത്തിനുമായി സൗരോർജ പാനലുകളും. മൂന്ന് ബർണറുകൾ, ഭക്ഷണങ്ങളും ഉൽപന്നങ്ങളും മറ്റും സൂക്ഷിച്ചുവെക്കാനുള്ള ഇടം എന്നിവയും പുട്ട്, ദോശ എന്നിവക്കുള്ള സൗകര്യങ്ങളും ഭക്ഷണവണ്ടിയിലുണ്ട്.

കൊച്ചി കോർപറേഷനിൽ വൈദ്യുതിവാഹനങ്ങൾ ഉപയോഗിച്ച് പദ്ധതി നടപ്പാക്കിയിരുന്നു. വിജയമാണെന്ന് കണ്ടാണ് ഇവിടെയും തുടങ്ങുന്നത്. നാഷനൽ അർബൻ ലിവ്ലി ഹുഡ് മിഷൻ (എൻ.യു.എൽ.എം) മുന്നോട്ടുവെച്ച പദ്ധതിയാണിത്. അതിന് തയാറായ ഗ്രൂപ്പുകൾക്കാണ് ഭക്ഷണവണ്ടികൾ നൽകുന്നത്. ബീച്ച്, ഭട്റോഡ്, ബേപ്പൂർ, സരോവരം, മാനാഞ്ചിറ പോലെ കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ ഭക്ഷണവണ്ടി സ്ഥാപിക്കാൻ അനുവദിക്കും.

വെള്ളയിൽ സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഗ്രൂപ് അംഗങ്ങൾക്ക് പാചകത്തിനും മറ്റുമായി 10 ദിവസത്തെ സൗജന്യ സർട്ടിഫിക്കറ്റ് പരിശീലന ക്ലാസ് നൽകിയശേഷമായിരിക്കും ഭക്ഷണവണ്ടി കൈമാറുക.

Tags:    
News Summary - Kudumbasree's food vehicle coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT