ദേ പോയി, ദാ വന്നില്ല; പഴയ സർവിസുകൾ പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സിക്ക് മടി

കോഴിക്കോട്: ലോക്ഡൗണും രണ്ടു ഘട്ടത്തിലെ കോവിഡും കഴിഞ്ഞിട്ടും ജില്ലയിലെ വിദൂരഗ്രാമങ്ങളിലേക്കുള്ളതടക്കമുള്ള പഴയ സർവിസുകൾ പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സിക്ക് മടി. 2020 മാർച്ച് മൂന്നാം വാരത്തിൽ നിർത്തലാക്കിയ സർവിസുകളിൽ ഏറെയും തിരിച്ചുവന്നെങ്കിലും ചില റൂട്ടുകളിൽ ബസ് ക്ഷാമം രൂക്ഷമായി.

കോഴിക്കോട്ടുനിന്ന് അടിവാരത്തേക്കും മുക്കത്തേക്കും ബാലുശ്ശേരി വഴി താമരശ്ശേരിയിലേക്കും ഷെഡ്യൂളുകൾ പലതും പഴയപടിയായിട്ടില്ല. വയനാട്ടിലേക്കുള്ള ദീർഘദൂര ബസുകളും നിലവിൽ മാളത്തിലൊളിച്ചതായി യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

കോഴിക്കോട് ഡിപ്പോയിൽനിന്ന് മാത്രമല്ല വടകര, താമരശ്ശേരി, തൊട്ടിൽപാലം എന്നീ ഡിപ്പോകളിലെയും പല ഷെഡ്യൂളുകളും നിർത്തിവെച്ചിരിക്കുകയാണ്.

കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങളുണ്ടായതോടെ കലക്ഷൻ കുറവായതിനാൽ സ്വകാര്യ ബസുകളിലേറെയും സർവിസ് നിർത്തിയിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ബസുകൾ ഓടാൻ മടിച്ചിരുന്നു. ബസ് ചാർജ് വർധിപ്പിച്ചതോടെ ജൂൺ ഒന്നുമുതൽ മുഴുവൻ സ്വകാര്യ ബസുകളും സർവിസ് പുനരാരംഭിക്കുകയായിരുന്നു. ബസ് ചാർജ് വർധിപ്പിക്കുകയും ഡീസൽ വിലയുടെ നികുതി കുറയുകയും ചെയ്തതോടെ കലക്ഷനിൽ കുതിപ്പും മികച്ച ലാഭവുമുണ്ടായെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സിക്ക് ഇതൊന്നും ബാധകമല്ല.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സർവിസുകൾ പുനരാരംഭിക്കുന്നതിന് തടസ്സമെന്നാണ് അധികൃതരുടെ നിലപാട്. എം.പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുകയും നിരവധി ജീവനക്കാർ വിരമിക്കുകയും ചെയ്തതോടെ സർവിസ് നടത്താൻ ആളില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ന്യായം. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ജില്ലയിലെ റൂട്ടുകളിലൊന്നായ ബാലുശ്ശേരിക്കുള്ള അപൂർവം സർവിസ് മാത്രമാണ് നിലവിലുള്ളത്. കോഴിക്കോട് ടെർമിനലിൽ നിന്ന് രാത്രി 7.30നും ഒമ്പതിനും 9.55നുമുള്ള ബസുകൾ ഓട്ടം നിർത്തിയിട്ട് രണ്ടുവർഷം പൂർത്തിയായി. ബാലുശ്ശേരി വഴി താമരശ്ശേരിക്കുള്ള ബസുകൾക്ക് മികച്ച കലക്ഷനുണ്ടായിരുന്നു. കോവിഡിനെ തുടർന്നായിരുന്നു സർവിസുകൾ നിർത്തിയത്.

താമരശ്ശേരി ഡിപ്പോ ഓപറേറ്റ് ചെയ്ത ബസുകളായിരുന്നു ഇവ. രാവിലെ 4.40നും 6.30നും താമരശ്ശേരിയിൽനിന്ന് പുറപ്പെട്ടിരുന്ന ഗുരുവായൂർക്കുള്ള ബസുകളുടെ അവസാന ട്രിപ്പായിരുന്നു യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നത്. 9.55നുള്ള ബസിനെ ട്രെയിൻ യാത്രക്കാരും ആശ്രയിച്ചിരുന്നു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ എത്തുന്നവരും നാട്ടിലെത്തിയത് ഈ ബസിലായിരുന്നു. സ്വകാര്യ ബസുകാരുടെ സമ്മർദം കാരണം സർവിസുകൾ നിർത്തിയെന്നാണ് ആക്ഷേപം. രാത്രി ഓടുന്ന ചില ബസുകളുടെ ഉടമകൾ ശക്തമായ ഇടപെടൽ നടത്തി ഈ സർവിസുകൾ നിർത്തലാക്കാൻ നേരത്തേ ശ്രമിച്ചിരുന്നു. അന്ന് എം.കെ. രാഘവൻ എം.പി ഇടപെട്ടാണ് ഈ നീക്കം തടഞ്ഞത്.

2019 സെപ്റ്റംബർ ഒന്നിന് കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ ഓർഡിനറി ചെയിൻ സർവിസ് തുടങ്ങിയിരുന്നു. ആറു ബസുകൾ, 36 സർവിസുകൾ എന്നെല്ലാം പറഞ്ഞ് തുടങ്ങിയ സർവിസ് ഒരു മാസം പിന്നിട്ടപ്പോൾ നിലച്ചിരുന്നു.

കുറ്റ്യാടി, തൊട്ടിൽപാലം, മുക്കം എന്നിവിടങ്ങളിലേക്ക് രാത്രിയുള്ള ചില ബസുകളും നിലവിൽ ഓടുന്നില്ല. ഇത്തരം സർവിസുകളുടെ കാര്യത്തിൽ നേരത്തേ ജനപ്രതിനിധികൾ ശക്തമായി ഇടപെടാറുണ്ടായിരുന്നു. സ്വന്തം കാറിൽ യാത്ര ചെയ്യുന്ന ജനപ്രതിനിധികൾ ബസ് യാത്രക്കാരുടെ ദുരിതം കാണുന്നില്ല.

Tags:    
News Summary - KSRTC Service issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.