മുതുകാട് കോളനികളിൽ ലഹരിമാഫിയ പിടിമുറുക്കുന്നു -കോളനികളിൽ മദ്യവും കഞ്ചാവും എത്തിക്കാൻ പ്രത്യേക ലോബി പ്രവർത്തിക്കുന്നുണ്ട് പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുക്കാട്ടെ ആദിവാസി കോളനികളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര ദേവ് കോളനിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് വിവരം. 2019ൽ മുതുകാട്ടിലെ തന്നെ കുളത്തൂർ കോളനിയിൽ യുവാവ് സഹോദരനേയും അമ്മയേയും കൊലപ്പെടുത്തിയതിന്റെ കാരണവും മദ്യം തന്നെയായിരുന്നു. കോളനികളിൽ മദ്യവും കഞ്ചാവും എത്തിക്കാൻ പ്രത്യേക ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്. കോളനിയുടെ സമീപത്തുനിന്നും വ്യാജ മദ്യം ഉണ്ടാക്കി വിൽപന നടത്തുന്ന സംഘവും ഉണ്ട്. മാഹിയിൽനിന്ന് ഉൾപ്പെടെ വിദേശ മദ്യമെത്തിച്ച് കോളനികളിൽ വിൽപന നടത്തുന്നുണ്ട്. കൂലിപ്പണിക്ക് പോകുന്ന ആദിവാസികൾക്ക് മദ്യം വാങ്ങാൻ മാത്രമാണ് പണം ഉണ്ടാവുക. കോളനികളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മദ്യത്തിന് അടിമകളാവുന്നത് വലിയ സാമൂഹിക വിപത്താണ് ഉണ്ടാക്കുക. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെ തുടർന്ന് ബാലുശ്ശേരി എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നരേന്ദ്ര ദേവ് കോളനിയിൽ റെയ്ഡ് നടത്തി. മുതുകാട് 4ാം ബ്ലോക്കിനടുത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 100 ലിറ്റർ വാഷ് കണ്ടെടുത്തു. എക്സൈസ് റെയ്ഡ് ഇടക്ക് നടക്കാറുണ്ടെങ്കിലും വ്യാജവാറ്റ് ലഭിക്കുകയല്ലാതെ പ്രതികളെ കണ്ടെത്താൻ കഴിയാറില്ല. ഇതാണ് വ്യാജവാറ്റ് ലോബിയുടെ രക്ഷ. പൊലീസ്, എക്സൈസ് സംഘം ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.