പാളയം ബസ്‍സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിനിടെ ‘മാധവം’ ബസിന്റെ ചില്ല് തകർന്നപ്പോൾ
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ച രാവിലെ 7.15ന് ബസുകൾ പാളയം ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. കോഴിക്കോട്-മുക്കം റൂട്ടിലോടുന്ന മാധവം, അസാറോ ബസ് ജീവനക്കാർ തമ്മിലാണ് ബസിന്റെ സമയത്തെ ചൊല്ലി തർക്കമുണ്ടായത്. തർക്കത്തിനിടെ അസാറോ ബസിലെ ജീവനക്കാരൻ മാധവം ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തെന്നാണ് പരാതി. ഗ്ലാസ് തകർത്ത അസാറോ ബസ് ജീവനക്കാരനായ കക്കാടം പൊയിൽ സ്വദേശി ഷാനു അഗസ്റ്റിൻ സ്ഥലത്ത് നിന്ന് ഉടൻ രക്ഷപ്പെട്ടെന്ന് ബസ് ജീവനക്കാർ പറഞ്ഞു. രണ്ട് ബസുകളും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.ബസ് സമയത്തെ ചൊല്ലി കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലുൾപ്പെടെ ബസ് ജീവനക്കാർ തമ്മിൽ തർക്കം പരിധിവിടുന്നുണ്ട്. സ്റ്റാൻഡ് വിട്ടിട്ടും തർക്കം തീരാതെ വഴിയിൽ വെച്ചും ബസ്ജീവനക്കാർ വാക്കേറ്റം നടത്തുന്നത് പതിവുകാഴ്ചയാണ്.ചില റൂട്ടുകളിൽ ഓരോ രണ്ടുമിനിറ്റിലും ബസ് സർവിസുകളുണ്ടാകും. സമയം തെറ്റുമ്പോഴാണ് പാളയം ബസ് സ്റ്റാൻഡിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമാണിപ്പോൾ. ഓണം, വിഷു, പെരുന്നാൾ പോലുള്ള ആഘോഷ സീസണുകളാണെങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
അതിനിടയിലാണ് ബസ് എടുക്കുന്ന സമയത്തെ കുറിച്ചുള്ള ഇത്തരം തർക്കങ്ങളും സംഘർഷവും. ബസുകൾ മത്സരിച്ച് റോഡിൽ ഉരസുന്ന സംഭവങ്ങളുമുണ്ട്. യാത്രക്കാരുടെ സുരക്ഷ പോലും പരിഗണിക്കാതെയാണ് മത്സര ഓട്ടവും ഏറ്റുമുട്ടലും. പ്രശ്നങ്ങളുണ്ടാക്കിയ ശേഷം ഉടമകൾ സംസാരിച്ച് അനുരഞ്ജനമുണ്ടാക്കുന്നതിനാൽ പൊലീസിന് കേസെടുക്കാനും തുടർ നടപടി സ്വീകരിക്കാനും സാധിക്കുന്നില്ല. നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്ന നടപടികളുണ്ടാകണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.