വിരലടയാള വിദഗ്ധർ കൊലപാതകം നടന്ന സ്ഥലം പരിശോധന നടത്തുന്നു
വെള്ളിമാട്കുന്ന്: സ്വന്തം മകനെപോലെ കരുതി ഊണിലും ഉറക്കത്തിലും ഒപ്പംകൊണ്ടുനടന്ന അദിനാന്റെ ക്രൂരകൃത്യം താങ്ങാനാവാതെ സസ്രീനയുടെ മാതാവ് റംസീന. എന്നും മകൾക്കും തന്റെ കുടുംബത്തിനും താങ്ങും തണലുമാകുമെന്ന് കരുതിയ സ്നേഹിച്ചുവളർത്തിയ സ്വന്തം രക്തത്തിൽ പിറന്ന കുട്ടി തന്നെ മകളുടെ അന്തകനായപ്പോൾ റംസീനയുടെ ദുഃഖത്തിന് ആഴവും കനവും കൂടുകയാണ്. നസ്രീനയുമായി നാലരവയസ് മാത്രം വ്യത്യാസമുള്ള അദിനാന് കഷ്ടപ്പാടുകൾ ഏറെയുണ്ടായിട്ടും അതറിയിക്കാതെ മൂഴിക്കലിലെ വീട്ടിലേക്ക് പലതവണ കൊണ്ടുവന്ന് സഹായങ്ങൾ നൽകി വളർത്തുകയായിരുന്നു.
പഠിത്തത്തിൽ പിന്നിലായ അദിനാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തിയപ്പോൾ ഭർത്താവ് നിസാറിന്റെ സമ്മതത്തോടെ റംസീന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കുന്ദമംഗലത്തെ സ്വകാര്യ ഐ.ടി.ഐയിൽ ചേർത്തു. ഏറെ കഴിയുന്നതിനുമുമ്പുതന്നെ അതും നിർത്തി. അദിനാന്റെ പെരുമാറ്റത്തിൽ ചില കുഴപ്പങ്ങൾ കണ്ടുതുടങ്ങിയത് കുടുംബത്തെ അസ്വസ്ഥപ്പെടുത്തി. പല സുഹൃദ് ബന്ധങ്ങളും മോശമാണെന്ന വിലയിരുത്തലിൽ കുടുംബം പലതവണ ഉപദേശങ്ങൾ നൽകി.നാലുമാസം മുമ്പ് വീട്ടിൽനിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട വിഷയത്തിൽ അദിനാനെ താക്കീത് ചെയ്യുകയും ഇനി വീട്ടിലേക്ക് വരരുതെന്ന് പറയുകയും ചെയ്തു. അതിനുശേഷം അദിനാൻ എത്തിയത് ക്രൂരകൃത്യത്തിനാണ്.അദിനാന്റെ പല സ്വഭാവ ദൂഷ്യങ്ങളും കണ്ടെത്തിയത് നസ്രിൻ ആണെന്നതിന്റെ പകയാണ് ക്രൂരതക്കിടവരുത്തിയത്.
നസ്രിനെ വകവരുത്തിയശേഷം വല്യുമ്മ സഫിയയുടെ മുറിയിൽ കടന്ന അദിനാൻ സഫിയയെയും ആക്രമിക്കാൻ മുതിർന്നെന്നും ആരോപണമുണ്ട്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ബന്ധുക്കൾക്കൊപ്പം ആഘോഷം പങ്കിട്ട നസ്രീന 12.30ന് ശേഷമാണ് ഉറങ്ങാനായി മുറിയിലേക്ക് പോയത്. മുറിക്കുള്ളിൽ കൊലയാളി ഒളിഞ്ഞിരിക്കുന്നത് നസ്രീന അറിഞ്ഞിരുന്നില്ല. തുടർന്ന് ഉറങ്ങുകയായിരുന്ന നസ്രീനയുടെ വസ്ത്രമുപയോഗിച്ചാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൈയും കാലും സെല്ലോ ടേപ്പുകൊണ്ട് ബന്ധിക്കുകയായിരുന്നു. ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാകാം ഇപ്രകാരം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.