എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻററി സ്കൂൾ

എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻററി സ്കൂൾ വജ്ര ജൂബിലിത്തിളക്കത്തിൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻററി സ്കൂളിന്റെ 60-ാം വാർഷികം ഫെബ്രുവരി ഒന്നിന് ശനിയാഴ്ച. ആറ് പതിറ്റാണ്ടായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സ്കൂളും നാട്ടുകാരും ചേർന്ന് നടത്തിയിരിക്കുന്നത്.

പൂർവ്വ വിദ്യാർഥി - അധ്യാപക സംഗമം, സാംസ്കാരിക സമ്മേളനം, കലാ-സാഹിത്യ പരിപാടികൾ എന്നിവയുണ്ട്. പൂർവവിദ്യാർഥികളും കലാപരിപാടികളുമായി അരങ്ങത്തെത്തും. അതിവിപുലമായ പൂർവ്വ വിദ്യാർഥി സംഗമം ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ആദ്യത്തേതാണെന്ന് സംഘാടകർ പറഞ്ഞു. സ്കൂളിന്റെ വികസനമുന്നേറ്റത്തിൽ ഏതൊരു വിദ്യാലയത്തേയും പോലെ പൂർവ്വ വിദ്യാർത്ഥികളെ പ്രധാനപ്പെട്ട പങ്കാളികളായാണ് ഞങ്ങൾ കാണുന്നതെന്ന് പ്രിൻസിപ്പൽ പി.പി. റഷീദലി പറഞ്ഞു.

ഇതിനകം 13000 കുട്ടികൾ ഹൈസ്കൂൾ പഠനവും 5000ൽ അധികം കുട്ടികൾ +2വും പൂർത്തിയാക്കി. 1964ൽ എൻ.ജി.ഒ ക്വോർട്ടേഴ്സ് നിവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ക്വോർട്ടേഴ്സ് വളപ്പിലെ ക്ലബ്ബ് ഹൗസിൽ (ഇപ്പോൾ ഫയർ & റെസ്ക്യൂ സ്റ്റേഷൻ) ആരംഭിച്ച വിദ്യാലയം ആദ്യം പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി തുടർന്ന് ഹൈസ്കൂളായും വികസിച്ചു.


1998ൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി ദേശീയപാതയോരത്ത് ഒന്നര ഏക്കർ സ്ഥലത്ത് പണിത കെട്ടിടത്തിൽ 2004 ൽ ഹയർ സെക്കൻററി ആരംഭിച്ചു. 2018ൽ ഈ വിദ്യാലയത്തെ, കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിൽ അന്നത്തെ എം.എൽ എ എ. പ്രദീപ്കുമാർ പ്രത്യേകം താൽപര്യമെടുത്ത് ആവിഷ്കരിച്ച, പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി. 2020ൽ പി.ഡബ്ലിയു.ഡിയിൽ നിന്നും കൈമാറ്റം ചെയ്തു കിട്ടിയ ഭൂമിയിൽ ഹയർ സെക്കൻഡറിയോട് ചേർന്ന് 3.5 കോടി രൂപ ചെലവിട്ട് ഹൈസ്കൂളിനായി കെട്ടിടം പൂർത്തീകരിച്ചു. കോവിഡിനു ശേഷം 2021 ൽ ഹൈസ്കൂൾ പൂർണ്ണമായും പുതിയ കാമ്പസിലേക്കുമാറി.

പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷം ആറ് കോടിയിൽപരം രൂപ വിവിധ ഭൗതികസൗകര്യ വികസനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. എല്ലാ കാലാവസ്ഥയിലും കലാ-കായിക പ്രവർത്തനങ്ങൾ നിർവ്വഹിക്കാവുന്ന മൾട്ടി പർപസ് ഓഡിറ്റോറിയം നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ചുറ്റുമതിൽ, സ്കൂൾ റോഡ് എന്നിവ അടിയന്തര ആവശ്യമാണ്. ആദ്യ നാല് ദശകങ്ങളിലും വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രൈമറി സ്കൂളിൽ കുട്ടികളുടെ പ്രവേശനത്തിൽ വലിയ ഇടിവ് തുടരുന്നു. പല സാമൂഹിക കാരണങ്ങളോടൊപ്പം ഈ വിദ്യാലയത്തിന്‍റെ മാത്രമായ കാരണവും ഇതിനുണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ വികസിച്ചതിനൊപ്പം വിദ്യാർഥി പ്രവേശനത്തിൽ വർധന വരുത്തുക എന്നത് 60-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ലക്ഷ്യമാണ്.

ക്ലാസ് മുറികളും ലാബും ലൈബ്രറിയും മികച്ച അധ്യാപകരുടെ സേവനവും എടുത്തു പറയാവുന്നതാണ്. അടുത്ത അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ പി.ടി.എയും സ്കൂൾ വികസന സമിതിയും തീരുമാനിച്ചിരിക്കുകയാണ്. ഇതിനായും കുട്ടികളുടെ കലാ-കായിക മികവ് വർധിപ്പിക്കുവാനും കുട്ടികൾക്ക് മികച്ച പഠനാനുഭവം ലഭ്യമാക്കാനും പൂർവ്വ വിദ്യാർഥികളുടെ വിവിധ മേഖലകളിലെ പ്രാഗത്ഭ്യവും സാമ്പത്തിക പിന്തുണയും തേടാൻ ഇതൊരു സന്ദർഭമായി കാണുന്നു. അറിവും കഴിവും സമയവുമുള്ളവർ അങ്ങിനെയും സാമ്പത്തിക ശേഷിയുള്ളവർ അപ്രകാരവും വിദ്യാലയത്തിന്റെ മികവിനായുള്ള പ്രവർത്തനങ്ങളിൽ പിന്തുണക്കണമെന്ന് അഭ്യർഥിക്കുന്നു.

പ്രിസം പദ്ധതി വിഭാവന ചെയ്യുന്ന പ്രകാരം ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ബഹുമുഖ ഇടപെടൽ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി ഒന്നിന് നടക്കുന്ന വജ്ര ജൂബിലി ആഘോഷം ഉദ്ഘാടത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇനിയും ബന്ധപ്പെടാൻ സാധിക്കാതെ വന്ന പൂർവ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ, വിവിധ കാലയളവിലെ പി.ടി.എ ഭാരവാഹികൾ, വികസന സമിതി അംഗങ്ങൾ എന്നിവർ ഇതൊരു ക്ഷണമായി സ്വീകരിക്കണം. വാർത്താസമ്മേളനത്തിൽ വജ്ര ജൂബിലി ആഘോഷ കമ്മിറ്റി സംഘാടകസമിതി ചെയർമാനും വാർഡ് കൗൺസിലറുമായ ടി.കെ. ചന്ദ്രൻ, അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ. പ്രസാദ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി.കെ. വേണു, പൂർവ വിദ്യാർഥി കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ, റിസപ്ഷൻ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ, ഹെഡ്മിസ്ട്രസ് സി. ലത പ്രിൻസിപ്പൽ പി.പി. റഷീദലി എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Kozhikode NGO Quarters Govt. Higher Secondary School Golden Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.