മെഡി. കോളജിലെ പൊട്ടിത്തെറി: ഒരു ബാറ്ററി ചൂടായി വീർത്ത് പൊട്ടി, 34 ബാറ്ററികളിലേക്ക് തീ പടർന്നു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറിക്കും പുക പടരാനുമിടയാക്കിയത് ബാറ്ററിയിൽനിന്നുള്ള ‘ഇന്റേണൽ ഷോട്ടേജ്’ കാരണമെന്ന് വൈദ്യുതി ഇൻസ്പക്ടറേറ്റ് വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോർട്ട്. എം.ആർ.ഐ സ്‌കാനിങ് യന്ത്രത്തിന്റെ യു.പി.എസ് മുറിയിലെ ബാറ്ററികളിലൊന്നിൽനിന്ന് ഷോർട്ട് സർക്യൂട്ടുണ്ടാവുകയും അത് ചൂടായി വീർത്ത് പൊട്ടുകയുമായിരുന്നു.

ഈ സമയത്ത് ചെറിയ രീതിയിൽ തീയുണ്ടായി. പിന്നീട് തീ മറ്റു 34 ബാറ്ററികളിലേക്ക് പടർന്നു. ഇതോടെ മുറിക്കുള്ളിലെ താപനില ഉയരുകയും ഫയർ അലാറം അടിയുകയും സ്പ്രിങ്ക്ലർ വഴി വെള്ളം വരികയും ചെയ്തു. എന്നാൽ, പൂർണമായി തീ അണയാതിരുന്നതോടെ പുക ഉയരാൻ തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ മുറിയിൽ പുക നിറഞ്ഞു. യു.പി.എസ് മുറിയുടെ വാതിൽ തകർത്തതോടെ പുക പുറത്തേക്ക് വ്യാപിച്ചുവെന്നുമാണ് വൈദ്യുതി ഇൻസ്പക്ടറേറ്റ് ഡെപ്യൂട്ടി ഇൻസ്പക്ടർ റിജു ദീപക് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം പഠനവിധേയമാക്കി വിശദ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും.

അതേസമയം അത്യാഹിത വിഭാഗം പഴയ അത്യാഹിത വിഭാഗം ബ്ലോക്കിൽ താൽക്കാലികമായി പുനഃസ്ഥാപിച്ചു. രോഗികൾക്ക് 24 മണിക്കൂറും അടിയന്തര സേവനം നൽകാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദുരൂഹതയില്ലെന്ന് പൊലീസ്

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് മുറിയിൽ പൊട്ടിത്തെറിയുണ്ടായി പുക ഉയർന്നതിൽ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. അതേസമയം പുക പടർന്ന് രോഗികളെ മുഴുവൻ ഒഴിപ്പിക്കേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് പൊലീസിന്റെ വിശദാന്വേഷണം തുടരുകയാണ്. സുരക്ഷാവീഴ്ചയും പ്രത്യേകം പരിശോധിക്കുന്നുണ്ട്.

എം.ആർ.ഐ സ്‌കാനിങ് യൂനിറ്റിന്റെ യു.പി.എസിൽനിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തീ ഉയരുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷോർട്ട് സർക്യൂട്ടിന്റെയടക്കം വിദഗ്ധ പരിശോധന നടത്തുന്നത് വൈദ്യുതി ഇൻസ്പെക്ടറേറ്റാണ്. ഇവരുടെ റിപ്പോർട്ടുകൂടി ലഭിച്ചാലേ കൂടുതൽ വ്യക്തത പൊലീസിന് വരികയുള്ളൂ. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അത്യാഹിത വിഭാഗത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ആശുപത്രി രജിസ്റ്ററുകൾ എന്നിവ കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - kozhikode medical college fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.