കോഴിക്കോട് കണ്ടംകുളം ജൂബിലി അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ ഹാളില്‍ കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 30 മാസത്തിനകം പൂർത്തിയാക്കും -മുഖ്യമന്ത്രി
കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴിൽ ചേവായൂരിൽ നിർമിക്കുന്ന അവയവമാറ്റ ആശുപത്രി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് 30 മാസത്തിനകം പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള ഹാർട്ട് കെയർ സൊസൈറ്റി സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള അവയവമാറ്റ ചികിത്സ ചെലവിന്റെ മൂന്നിലൊന്ന് മാത്രമായിരിക്കും ഇവിടെ ചെലവ്.
വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാന്‍റുകൾ, 520 വൃക്ക ട്രാൻസ്പ്ലാന്‍റുകൾ, 320 കരൾ ട്രാൻസ്പ്ലാന്‍റുകൾ, 15 ആന്ത്ര (ഇന്റസ്‌റ്റൈനൽ) ട്രാൻസ്പ്ലാന്‍റുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാന്‍റുകൾ, 50 ഹൃദയ ട്രാൻസ്പ്ലാന്‍റുകൾ, 40 ശ്വാസകോശ ട്രാൻസ്പ്ലാന്‍റുകൾ, 120 ബോൺ മാരോ ട്രാൻസ്പ്ലാന്‍റുകൾ, 300 സോഫ്റ്റ്ടിഷ്യു, വിരൽ, കൈ, എല്ല്, മുഖം ട്രാൻസ്പ്ലാന്‍റുകൾ എന്നിങ്ങനെ നടത്തും. 35 കോടി രൂപ ചെലവിൽ അത്യാധുനിക ത്വക്ക് രോഗ ആശുപത്രിയും രണ്ട് വർഷത്തിനകം പ്രവർത്തനം ആരംഭിക്കും. നിസാര കാരണങ്ങൾ പറഞ്ഞ് മാറ്റിവെച്ചിരുന്ന പദ്ധതികളെല്ലാം ഇപ്പോൾ റോക്കറ്റ് സ്പീഡിലാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റും. പുറത്തുനിന്നുള്ള രോഗികൾക്ക് വന്ന് വിശ്വാസത്തോടെ ചികിത്സ തേടാനാകുന്ന ഡെസ്റ്റിനേഷൻ പോയിന്റ് ആക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി വെൽനസ് സെന്ററുകൾ, റീഹാബിലിറ്റേഷൻ സെന്ററുകൾ, സ്‌ട്രോക്ക് ആയി കിടക്കുന്ന ആളുകളെ ഹോളിസ്റ്റിക് മെഡിസിനിലൂടെ ചികിത്സിച്ചു ഭേദമാക്കുന്ന സംവിധാനങ്ങൾ എന്നിവ ആരംഭിക്കും. രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനുമായി സംസ്ഥാനത്ത് വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും. കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് കൂടി. ഓരോ മരണത്തിന്റെയും പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് കണ്ടെത്തി വിശകലനം ചെയ്യാനായി ഹെൽത്ത് ഡാറ്റ വേണം.
ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി അധ്യക്ഷനായി. സിൽവർ ജൂബിലി അവാർഡ് ഡോ. നസീർ യൂസുഫിന് മുഖ്യമന്ത്രി കൈമാറി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ, കെ. ജയന്ത് എം.എൽ.എ, ആർ. ജയന്ത് കുമാർ, എം.വി. റംസി ഇസ്മായിൽ, യൂസുഫ് കാരക്കാട്, അബ്ദുൽ ജബ്ബാർ, ഡോ. പി.കെ. അശോകൻ, എം.പി. ഇമ്പിച്ചി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
മെഡി. കോളജുകളിലും പ്രധാന ആശുപത്രികളിലും ഹൃദ്രോഗ പുനരധിവാസ വിഭാഗങ്ങൾ സ്ഥാപിക്കണമെന്നും കൊറോണറി ആർട്ടറികളിലെ തടസം കുറയ്ക്കുന്നതിനുള്ള ചികിത്സാ സംവിധാനങ്ങൾ ആവശ്യപ്പെട്ടുള്ള ഹാർട്ട് കെയർ സൊസൈറ്റിയുടെ നിവേദനം ഡോ. കെ. കുഞ്ഞാലി മുഖ്യമന്ത്രിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.