മുഹമ്മദ് ഷാഫി
കോഴിക്കോട് നഗരത്തിൽ വൻ രാസലഹരി വേട്ട; 600 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ നടന്ന പരിശോധനയിൽ 600.21 ഗ്രാം ഗ്രാംഎം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ. മക്കട നടുവത്ത് കണ്ടിയിൽ മുഹമ്മദ് ഷാഫി (38) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയും 80,160 രൂപയും ഇലക്ട്രോണിക് ത്രാസും പിടികൂടിയത്.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നെല്ലിക്കോട് ടി.പി. കുമാരൻ നായർ റോഡിലെ ലോഡ്ജിലെത്തിയ പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലെ ഡാൻസാഫും, മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്‍റെ നേതൃത്വത്തിലെ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡൽഹി, ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് മൊത്തമായി എം.ഡി.എം.എ എത്തിക്കുന്ന സംഘങ്ങളിൽനിന്ന് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങി വിൽപന നടത്തുകയായിരുന്നു പ്രതി. പിടിക്കപ്പെടാതിരിക്കാൻ ജില്ല മാറിയാണ് ലഹരി ഇടപാടുകൾ.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സി.എം. യൂനുസ്, അസി. സബ് ഇൻസ്പെക്ടർ സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനോയ് സാമുവൽ, വിനോദ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ, രഞ്ജു, ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സുനോജ്, സരുൺ, ശ്രീശാന്ത്, ലതീഷ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.