കോഴിക്കോട് ബീച്ചിൽ തിരയിൽ കുളിക്കുന്നവർ
കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി ദിവസേന ആയിരങ്ങളെത്തുന്ന കോഴിക്കോട് കടലോരത്ത് ഒരു വിധ സുരക്ഷയുമില്ല. വിലക്കുകൾ ലംഘിച്ച് കടലിലിറങ്ങുന്നവരുടെ എണ്ണമാണെങ്കിൽ അനുദിനം കൂടിവരുകയാണ്. കടലിലിറങ്ങുന്ന കുട്ടികൾ അടക്കമുള്ള പലരും ഭാഗ്യംകൊണ്ടാണ് തിരയിൽപെട്ട് ആഴത്തിലേക്ക് ഒഴുകിപ്പോകാതെ രക്ഷപ്പെടുന്നത്.
രണ്ട് കിലോമീറ്ററോളം നീളമുള്ള കടൽ തീരത്ത് സുരക്ഷക്കുള്ളത് കേവലം ആറ് ലൈഫ് ഗാർഡുമാർ മാത്രമാണ്. ഒരാൾ മെഡിക്കൽ അവധിയിലാണ്. അവശേഷിച്ച അഞ്ചുപേരാണ് രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ ഡ്യൂട്ടിയിലുണ്ടാവുക. ഇവർക്കാണെങ്കിൽ ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങൾ പോലുമില്ല. രണ്ടുവർഷം മുമ്പ് വാങ്ങി നൽകിയ റെസ്ക്യു ട്യൂബും മറ്റുമാണ് ഉള്ളത്. അവയാണെങ്കിൽ ഉപയോഗശൂന്യമായ അവസ്ഥയിലുമാണ്. പുതിയ റെസ്ക്യു ട്യൂബ്, ലൈഫ് ജാക്കറ്റ്, നിരീക്ഷണ കാമറ, ലൈറ്റ്, വാക്കിടോക്കി അടക്കമുള്ളവ വാങ്ങി നൽകണമെന്ന ആവശ്യം ടൂറിസം വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടുമില്ല. പൊരിവെയിലത്തുൾപ്പെടെ സേവനം അനുഷ്ഠിക്കുന്ന ഇവർക്ക് വിശ്രമിക്കാൻ ഒരു ടെന്റ് പോലും ഇല്ല.
അവധി ദിവസങ്ങളിലും മറ്റും പതിനായിരക്കണക്കിന് ആളുകളാണ് സായാഹ്നം ആസ്വദിക്കാൻ എത്തുന്നത്. പലരും പിച്ചവെച്ചുതുടങ്ങിയ കുഞ്ഞുങ്ങളെ പോലും കടലിലിറക്കുന്നത് പതിവാണ്. ലൈഫ് ഗാർഡുമാർ അടക്കമുള്ളവർ വിലക്കിയാൽ പോലും കുടുംബങ്ങൾ അത് അംഗീകരിക്കാതെ കുട്ടികളെ കടലിലിറക്കി സെൽഫിയെടുക്കുകയാണ്. രക്ഷിതാക്കൾ പരസ്പരം സംസാരത്തിലാകുമ്പോൾ കുട്ടികൾ തിരയിൽപെടാനടക്കം ഇടയുണ്ട് എന്ന് പറഞ്ഞാൽ പോലും പലരും ജാഗ്രത പാലിക്കുന്നില്ല എന്നാണ് ലൈഫ് ഗാർഡുമാർ പറയുന്നത്.
കടലിൽ കുളിക്കുന്നതിന് വിലക്കുണ്ടെങ്കിലും സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ വന്ന് കടലിലിറങ്ങുന്നത് പതിവാണ്. ഒരോ വർഷവും ചുരുങ്ങിയത് അഞ്ചുപേർ വരെയാണ് കോഴിക്കോട് കടലിൽ മാത്രം മുങ്ങിമരിക്കുന്നത്. പുഴയിലും മറ്റും നീന്തുന്നവർ റീൽസ് ചിത്രീകരണത്തിണത്തിനും മറ്റുമായി നേരെ വന്ന് കടലിലിറങ്ങുകയാണ് ചെയ്യുന്നത്. ഒരിടത്തുനിന്ന് പിന്തിരിപ്പിക്കുമ്പോൾ അവർ മറ്റൊരിടത്ത് തമ്പടിച്ച് കടലിലിറങ്ങും.
നേരത്തെ രാത്രി 11 വരെയൊക്കെയാണ് ബീച്ചിൽ ആളുകളുണ്ടായിരുന്നത്. എന്നാലിപ്പോൾ യുവതീയുവാക്കൾ അടക്കമുള്ളവർ പുലർച്ച വരെ ബീച്ച് പരിസരത്ത് തങ്ങുന്നത് പതിവാണ്. സൗത്ത് ബീച്ചിലും കാമ്പുറം, കോന്നാട് എന്നിവിടങ്ങളിലും സമാന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.