representational image

കൊയിലാണ്ടി-മൈസൂരു പാത; കുതിപ്പ് മലബാറിന്റെ യാത്രക്കും വാണിജ്യ മേഖലക്കും

കോഴിക്കോട്: റെയിൽവേ പരിഗണിക്കുന്ന കൊയിലാണ്ടി -വയനാട് -മൈസൂരു പാത മലബാറിന്റെ യാത്രാസൗകര്യത്തിനപ്പുറം വാണിജ്യമേഖലക്കും ഉണർവേകും. 190 കിലോമീറ്റർ നീളം കണക്കാക്കിയ പാത കൊയിലാണ്ടിയിൽനിന്ന് പേരാമ്പ്ര -മുള്ളൻകുന്ന് -വാളൂക്ക് -നിരവിൽപുഴ -തരുവണ -കൽപറ്റ -മീനങ്ങാടി -പുൽപള്ളി -കൃഷ്ണരാജപുരം -എച്ച്.ഡി കോട്ട -ഹംബാപുര -ബിധിരഗോഡ് -കടകോള -മൈസൂരു എന്നിങ്ങനെയാണ് വിഭാവനംചെയ്തത്.

കടകോള മുതൽ മൈസൂരുവിലേക്ക് നിലവിൽ പാതയുണ്ട് എന്നത് ഗുണമാണ്. വന്യജീവി മേഖലകളെ കുറച്ചു മാത്രമേ ബാധിക്കൂ എന്നതാണ് പുതിയ പാതയുടെ പ്രത്യേകത.

വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകരാതിരിക്കാനും പരിസ്ഥിതിക്ക് ആഘാതമുണ്ടാവാതിരിക്കാനും പുൽപള്ളിക്കും കൃഷ്ണരാജപുരത്തിനുമിടയിൽ വനമേഖലയിലൂടെ 20 കിലോമീറ്റർ ദൈർഘ്യത്തിൽ കബനി ടണൽ നിർമിക്കാനും പദ്ധതിയിൽ നിർദേശമുണ്ട്. കൊയിലാണ്ടി -മൈസൂരു പാത വരുന്നതോടെ കോഴിക്കോടുനിന്ന് മൈസൂരുവിലേക്കുള്ള റെയിൽ ദൂരം 230 കിലോമീറ്ററായി ചുരുങ്ങുമെന്നതാണ് വ്യാപാര -വ്യവസായ മേഖല പ്രതീക്ഷയായി കാണുന്നത്. നിലവിൽ 715 കിലോമീറ്റർ ചുറ്റി ബംഗളൂരു വഴിയോ 507 കിലോമീറ്റർ ചുറ്റി മംഗളൂരു വഴിയോ വേണം കോഴിക്കോട്ടുനിന്ന് ട്രെയിനിൽ മൈസൂരുവിലെത്താൻ.

ചുറ്റിക്കറങ്ങിയുള്ള പോക്കാണ് എന്നതിനാൽതന്നെ മലബാറിലെ യാത്രക്കാർ മിക്കവരും മൈസൂരുവിലേക്ക് പോവാൻ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. രാത്രി കോഴിക്കോടുനിന്ന് കയറിയാൽ പുലർച്ചെയോടെ മൈസൂരുവിലെത്തുന്ന നിലയിൽ അനേകം ബസ് സർവിസുകളുണ്ടെങ്കിലും യാത്രാനിരക്കിലെ വൻവർധനയാണ് വെല്ലുവിളി. പുതിയ പാത കർണാടകയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന മലബാർ മേഖലയിലെ വിദ്യാർഥികൾക്കും ഏറെ ആശ്രയമാകും.

ജോലിക്കാർക്കും ഗുണമാവും. മാത്രമല്ല മൈസൂരു വഴിയുള്ള ബംഗളൂരു യാത്രക്കും പുതിയ പദ്ധതി ഏറെ പ്രയോജനമാവും. ട്രെയിൻ വഴിയുള്ള ചരക്കുനീക്കം സുഗമമായാൽ നിലവിൽ ആശ്രയിക്കുന്ന കണ്ടെയ്നറുകളെ ഒഴിവാക്കാനും അതുവഴി വ്യവസായമേഖലക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയും.

സാധനങ്ങളുടെ വിലയിൽതന്നെ വലിയ കുറവുണ്ടാകുമെന്നും പുതിയ പദ്ധതിക്കായി മലബാറിലെ എം.പിമാരും എം.എൽ.എമാരും സമ്മർദം ശക്തമാക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ (സി.എ.ആർ.യു.എ) കേരള റീജനൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി പറഞ്ഞു. അടുത്ത ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തി തുക വകയിരുത്തണമെന്നും പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ പ്രഖ്യാപിച്ച നിലമ്പൂർ -നഞ്ചൻകോട്, തലശ്ശേരി -വയനാട് -മൈസൂരു പാതകൾ വന്യജീവി, പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം വലിയ വിമർശനങ്ങൾ നേരിടുകയാണ്. ഇതിനിടെയാണ് താരതമ്യേന വന്യജീവി സങ്കേതങ്ങളെ വലിയതോതിൽ ബാധിക്കാത്ത പദ്ധതി പരിഗണിക്കുന്നത്. കേരള -കർണാടക സർക്കാറുകൾ അവസരോചിതമായി ഇടപെട്ടാൽ പദ്ധതിക്ക് പെട്ടെന്ന് ജീവൻവെക്കും.

കൊയിലാണ്ടി -പേരാമ്പ്ര -മുള്ളൻകുന്ന്

-വാളൂക്ക് -നിരവിൽപുഴ -തരുവണ

-കൽപറ്റ -മീനങ്ങാടി -പുൽപള്ളി

-കൃഷ്ണരാജപുരം -എച്ച്.ഡി കോട്ട

-ഹംബാപുര -ബിധിരഗോഡ് -കടകോള

-മൈസൂരു എന്നിങ്ങനെയാണ് റൂട്ട്

Tags:    
News Summary - Koyilandi-Mysore Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.