1.യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ് പന്ന്യങ്ങാട്ടുപുറായിൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തർക്കൊപ്പം 2.എൽ.ഡി.എഫ് സ്ഥാനാർഥി സലിം മടവൂർ കാരുണ്യതീരത്തിലെ ഭിന്നശേഷി

വിദ്യാർഥികൾക്കൊപ്പം

പോരാട്ട ചൂടിൽ കൊടുവള്ളി

കൊടുവള്ളി: കൊടുവള്ളിയിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ. അത്യുഷ്ണം വകവെക്കാതെ വോട്ടർമാരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. വികസന നേട്ടങ്ങളും രാഷ്ട്രീയ തർക്കങ്ങളും മുഖ്യ ചർച്ചാവിഷയമാകുന്ന മണ്ഡലത്തിൽ സമൂഹ മാധ്യമവും കുടുംബയോഗങ്ങളും കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് പോരാട്ടം വഴിമാറി.

യു.ഡി.എഫ് സ്ഥാനാർഥിയായി പി.കെ. ഫിറോസും എൽ.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂരും എൻ.ഡി.എ സ്ഥാനാർഥിയായി ഗിരി പാമ്പനാലുമാണ് രംഗത്തുള്ളത്. ഇത്തവണ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് കാരാട്ട് റസാഖിന്റെ രാഷ്ട്രീയ മാറ്റമാണ്. പത്തു വർഷത്തെ ഇടവേളക്കുശേഷം ഇടതുപാളയം വിട്ട് മുസ്‍ലിം ലീഗിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ നീക്കം യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏതാനും ദിവസം മുമ്പ് വരെ ഇടതിന് അനുകൂലമായി റസാഖ് സംസാരിച്ച വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് എൽ.ഡി.എഫ് സൈബർ വിങ് ഇതിനെ പ്രതിരോധിക്കുന്നത്. പരമ്പരാഗത പ്രചാരണ ശൈലികളെ കടത്തിവെട്ടുന്ന രീതിയിൽ എ.ഐ സാങ്കേതികവിദ്യയാണ് ഇത്തവണ മുന്നണികൾ ഉപയോഗിക്കുന്നത്. സ്ഥാനാർഥികളുടെ പ്രത്യേക സോഷ്യൽ മീഡിയ വിങ്ങുകൾ 24 മണിക്കൂറും സജീവമാണ്.

ഡിജിറ്റൽ പോസ്റ്ററുകൾ, വിഡിയോ സന്ദേശങ്ങൾ, വോട്ടർമാരുടെ വ്യക്തിപരമായ വിവരങ്ങൾ വിശകലനം ചെയ്തുള്ള തന്ത്രങ്ങൾ എന്നിവ പ്രചാരണത്തിന് പുതിയ നിറം നൽകുന്നു. മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും മത-സാമുദായിക സ്ഥാപന നേതാക്കളെയും നേരിൽ കണ്ട് അനുഗ്രഹം തേടുന്ന ആദ്യഘട്ടം പൂർത്തിയായി. മണ്ഡലം കൺവെൻഷനുകൾ കൂടി കഴിഞ്ഞതോടെ ഇനി ശ്രദ്ധാകേന്ദ്രം നാട്ടിൻപുറങ്ങളാണ്.

വോട്ടർമാരുടെ വീടുകളിലേക്ക് നേരിട്ടെത്തി വോട്ട് ചോദിക്കുന്ന സ്ക്വാഡ് പ്രവർത്തനങ്ങളും കുടുംബയോഗങ്ങളും വരുംദിവസങ്ങളിൽ സജീവമാകും. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളും കേന്ദ്ര സർക്കാറിന്റെ നയങ്ങളും ഒരുപോലെ ചർച്ചയാകുന്നുണ്ട്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനവും കാർഷിക-തൊഴിൽ, വനിത ക്ഷേമം, ആശുപത്രി മേഖലയിലെ പ്രതിസന്ധികളും വോട്ടർമാർക്കിടയിൽ സംസാരവിഷയമാണ്. എൻ.ഡി.എ സ്ഥാനാർഥി ഗിരി പാമ്പനാൽ കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും വികസന രാഷ്ട്രീയത്തിലും ഊന്നിയാണ് വോട്ട് തേടുന്നത്. കൊടുവള്ളിയുടെ രാഷ്ട്രീയ മനസ്സ് ആർക്കൊപ്പം നിൽക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നതോടെ പോരാട്ടം കടുക്കും.

Tags:    
News Summary - In the heat of battle, Koduvalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.