കൊടുവള്ളി: പത്ത് കോടി രൂപ വിനിയോഗിച്ച് കൊടുവള്ളി നഗരസഭക്ക് പുതിയ കെട്ടിടം പണിയാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജീർണാവസ്ഥയിലായ പഴയ ബസ് സ്റ്റാൻഡ് കെട്ടിടവും മുനിസിപ്പൽ ഓഫിസും പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 23 തിങ്കളാഴ്ച മുതൽ ബസ് സ്റ്റാൻഡിലേക്കുള്ള പൊതുജനങ്ങളുടെയും ബസുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെയും പ്രവേശനം നിശ്ചിത കാലത്തേക്ക് പൂർണമായി നിരോധിച്ചുകൊണ്ട് നഗരസഭ ഉത്തരവിട്ടു.
പരിഷ്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിലെ നിർദേശങ്ങൾ ശനിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ ചർച്ചചെയ്താണ് തീരുമാനമെടുത്തത്.കെട്ടിടം പൊളിക്കുന്നതിനും പുതിയ അത്യാധുനിക ബസ് ടെർമിനലിന്റെ നിർമാണത്തിനുമായി ടൗണിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ ആരംഭിച്ചിട്ടുള്ളത്.
നിർമാണ കാലയളവിൽ ടൗണിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബസുകൾക്കും ടാക്സി വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ്, സ്റ്റോപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
10 കോടിയുടെ അത്യാധുനിക പദ്ധതി; രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും
കൊടുവള്ളിയുടെ പ്രൗഢിക്കനുയോജ്യമായതും നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്ന രീതിയിലുമാണ് പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് നഗരസഭ ചെയർ പേഴ്സൻ സഫീന ഷമീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വലിയ വാഹനങ്ങൾക്കുൾപ്പെടെ സൗകര്യപ്രദമായ അണ്ടർ ഗ്രൗണ്ട് പാർക്കിങ് സംവിധാനം പുതിയ പദ്ധതിയുടെ പ്രധാന ആകർഷണമായിരിക്കും. നേരത്തേ മൂന്ന് കോടിയാണ് അനുവദിച്ചിരുന്നത്. പുതിയ സർക്കാർ ബജറ്റിൽ 10 കോടി രൂപ അനുവദിക്കുകയായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പുതിയ ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും വ്യാപാരികളുടെയും പൂർണമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും നിർമാണ കാലയളവിലുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടുകളോട് പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ അഭ്യർഥിച്ചു. വാർത്ത സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.കെ.എ. ഖാദർ, കൗൺസിലർ ഒ.പി. മജീദ് പങ്കെടുത്തു.
പുതിയ ഗതാഗത ക്രമീകരണങ്ങൾ ഒറ്റനോട്ടത്തിൽ
നരിക്കുനി ഭാഗത്തുനിന്നു വരുന്നതും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതുമായ ബസുകൾ കെ.എം.ഒ സ്കൂൾ റോഡിലേക്ക് കയറ്റി തിരിച്ച് നരിക്കുനി റോഡിൽത്തന്നെ പാർക്ക് ചെയ്യണം. ഇവിടെ വെച്ചായിരിക്കണം ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. കോഴിക്കോട് ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ സാഞ്ചി സൂപ്പർ മാർക്കറ്റിന് സമീപം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജവഹർ ബിൽഡിങ്ങിനടുത്തായി നിർത്തേണ്ടതാണ്. കോഴിക്കോട് ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കരുത്. പകരം അൻസാരി ടെക്സ്റ്റയിൽസിന് സമീപമുള്ള സ്റ്റോപ്പുകളിൽനിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.