കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽനിന്ന് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കാരുണ്യ പദ്ധതി ആനുകൂല്യം നിഷേധിച്ച രോഗിക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടതോടെ ‘കാരുണ്യം’ ലഭിച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ നാസറിനെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം അനുവദിച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ഡിസ്ചാർജ് നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുമെന്ന് നാസറിന്റെ ഭാര്യ ഫൗസിയ അറിയിച്ചു.
ബിൽ അടക്കാനുള്ള തുക കണ്ടെത്താനാവാത്തതിനാൽ, ചികിത്സ കഴിഞ്ഞിട്ടും നാസർ ആശുപത്രിയിൽ കുടുങ്ങിയ വാർത്ത ഇന്നലെ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മന്ത്രി അഹമ്മദ് ദേവർകോവിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫിസുമായി ബന്ധപ്പെട്ടു. തുടർന്ന് നാസറിനെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആരോഗ്യമന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളജ് അധികൃതർക്ക് നിർദേശം നൽകി.
ഇതോടെ നാസറിനെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ആൻജിയോപ്ലാസ്റ്റിയുടെ ഫീസായ 54,400 രൂപ അനുവദിക്കുകയുമായിരുന്നു. മൂഴിക്കൽ പള്ളിത്താഴത്ത് വാടകവീട്ടിൽ കഴിയുന്ന നാസർ നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ 22നാണ് കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയത്. നാസറിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നില്ല.
26ന് ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെന്നും ഭാര്യ ഫൗസിയ പറഞ്ഞു. എന്നാൽ, ഇതിന് തലേന്ന് രാത്രി നാസറിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയും 27ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയുമായിരുന്നു.പിന്നീട് കാരുണ്യപദ്ധതിക്ക് അപേക്ഷിച്ചെങ്കിലും ശസ്ത്രക്രിയക്കുമുമ്പ് അപേക്ഷ നൽകണം എന്ന് ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടു. ഇതോടെയാണ് നിർധനകുടുംബം ബിൽ അടക്കാൻ കഴിയാതെ ആശുപത്രിയിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.