കെ -റെയിൽ സർവേ നാളെ പുനരാരംഭിക്കുമെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് രണ്ടുദിവസം മുമ്പ് നിർത്തിവെച്ച കെ-റെയിൽ സർവേ ബുധനാഴ്ചയും നടന്നില്ല. തിങ്കളാഴ്ച നഗരത്തിലെ പള്ളിക്കണ്ടിയിൽ ശക്തമായ ജനകീയ പ്രതിഷേധമാണ് ഉണ്ടായത്. സർവേക്കല്ലുകൾ പിഴുതെറിയുകയും തഹസിൽദാറെ തിരിച്ചയക്കുകയും ചെയ്തതോടെ നടപടി മുടങ്ങി.

സർവേ വെള്ളിയാഴ്ച പുനരാരംഭിക്കുമെന്നാണ് കെ-റെയിൽ അധികൃതർ നൽകുന്ന സൂചന. അതേസമയം, അലൈൻമെന്‍റ് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നുമുണ്ട്. കല്ലായിയിൽനിന്ന് തുടങ്ങി എണ്ണപ്പാടം വഴി ഗ്രാൻഡ് ഓഡിറ്റോറിയത്തിന് സമീപത്തുകൂടിയാണ് തുരങ്കംവഴി പാത കടന്നുപോവുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോൾ കൂടുതൽ ജനവാസമേഖലയിലൂടെയാണ് പദ്ധതി വരുക എന്നാണ് ലഭിക്കുന്ന സൂചന.

സർവേനടപടി മുന്നോട്ടുപോയാലേ ഈ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരൂ. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് അന്തിമ അലൈന്‍മെന്‍റെന്നും അതുപ്രകാരം തന്നെയാണ് സർവേ നടക്കുന്നതെന്നും കെ-റെയിൽ അധികൃതർ വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സ്വകാര്യ ഭൂമിയിൽ സർവേ നടത്തുന്നത് ചോദ്യം ചെയ്ത് ഇരകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

പള്ളിക്കണ്ടിയിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വീട്ടിൽ കയറി കല്ലിട്ടതുൾപ്പെടെ സംഭവങ്ങളിൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതിയിൽ അന്യായം ഫയൽ ചെയ്യാൻ നടപടി ആരംഭിച്ചതായി സമരസമിതി പ്രവർത്തകനും യൂത്ത് ലീഗ് നേതാവുമായ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.

അതിനിടെ സർവേനടപടി ഉണ്ടായില്ലെങ്കിലും ബുധനാഴ്ചയും ജനങ്ങൾ ഉദ്യോഗസ്ഥരെ തടയാൻ കാത്തുനിന്നു. രാവിലെ മുതൽ ഉച്ച 12.30വരെ പള്ളിക്കണ്ടി ഇബ്രാഹീം പാലം മേഖലയിൽ ജനങ്ങൾ സംഘടിച്ച് കാത്തുനിന്നു.

Tags:    
News Summary - K-rail survey to resume tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.