മാമ്പറ്റ ഗ്രൗണ്ട് സി.കെ. കാസിം എം.എൽ.എ സന്ദർശിക്കുന്നു
അധികൃതരുടെ അനാസ്ഥ: വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം നിലച്ചിട്ട് മാസങ്ങൾ
മുക്കം: അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമായി നിൽക്കുന്ന മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ സ്റ്റേഡിയം സന്ദർശിക്കാനെത്തിയ സി. കെ. കാസിം എം.എൽ.എ യോട് പ്രദേശവാസികളുടേയും കായിക പ്രേമികളുടേയും പരാതി പ്രളയം. തുടർന്ന് നിർമാണ കരാറുകാരെ എം.എൽ.എ വിളിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പ്രതിനിധികൾ, പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിളായിരുന്ന (എസ്.പി.വി) കിറ്റ്കോ എന്നിവരുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തന്നെ യോഗം ചേർന്ന് കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രത്യാശിച്ച സ്റ്റേഡിയമാണ് അധികൃതരുടെ കനിവ് കാത്ത് കിടക്കുന്നത്. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ആറര കോടിയോളം രൂപ ചെലവിലാണ് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. കിഫ്‌ബിയുടെ ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കായിരുന്നു ആദ്യ ഘട്ട നിർമാണ പ്രവൃത്തിയുടെ ചുമതല.
രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബാൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബാൾ കോർട്ട്, ഗാലറി, ഡ്രസ് ചെയ്ഞ്ചിങ് റൂം, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, എന്നിവ നിർമിക്കുന്നതാണ് പദ്ധതി. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു കളി സ്ഥലം എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. നിർമാണം നിലച്ചതോടെ, കാടുകയറിയ മൈതാനത്തിലൂടെ ഒന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിൽ സമൂഹിക വിരുദ്ധരുടെ ശല്യവും അതിരൂക്ഷമാണ്.
2021 ഫെബ്രുവരിയിൽ ആരംഭിച്ച അന്താരാഷ്ട്ര നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. നിർമാണ പ്രവൃത്തി പുനരാരംഭിച്ച് എത്രയും പെട്ടെന്ന് അന്താരാഷ്ട്ര സ്റ്റേഡിയം യാഥാർഥ്യമാക്കണമെന്നാണ് കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ആവശ്യം. നഗരസഭ കൗൺസിലർമാരായ സുഹറ വഹാബ്, ഷരീഫ് വെണ്ണക്കോട്, യു.ഡി.എഫ് നേതാക്കളായ നിഷാബ് മുല്ലോളി എ.എം. അബൂബക്കർ, ദാവൂദ് മുത്താലം, രാജു മാമ്പറ്റ, വസന്തകുമാരി, നാട്ടുകാരായ പ്രിൻസ് മാമ്പറ്റ തുടങ്ങി നിരവധി പേർ എം.എൽ.എ ക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.