കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യവിഭാഗം. കരളിനെ ബാധിക്കുന്ന പ്രധാന പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ മരണത്തിനുവരെ കാരണമാകാം.
ഹെപ്പറ്റൈറ്റിസ് എ.ബി.സി.ഡി.ഇ എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവവഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട വൈറസ് അണുബാധയാണ് മുഖ്യമായും മഞ്ഞപ്പിത്തത്തിന്റെ കാരണം. കരുതലില്ലെങ്കിൽ ഇത് വർധിച്ചതോതിലുള്ള രോഗപ്പകർച്ചക്ക് ഇടയാക്കും.
ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറംമാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവനുതന്നെ ഭീഷണി ആകാവുന്നതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽനിന്ന് ചികിത്സ തേടണം.
മഞ്ഞപ്പിത്തം വന്നാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.
അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറക്കുക, തണുത്തതും തുറന്നു വെച്ചതുമായ ആഹാരപദാർഥങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാകംചെയ്യുന്നതിനു മുമ്പ് കൈകൾ വൃത്തിയായി കഴുകുക എന്നീ ശീലങ്ങൾ പാലിക്കണം.
• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
• ആഹാരത്തിനു മുമ്പും ശേഷവും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
• മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക.
• ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയാറാക്കുക.
• കുടിവെള്ള സ്രോതസ്സുകളിലും കിണറുകളിലും ക്ലോറിനേഷൻ നടത്തുക.
• നഖം വെട്ടി വൃത്തിയായിരിക്കുക.
• കുടിവെള്ളവും ആഹാരസാധനങ്ങളും ഈച്ച കടക്കാത്തവിധം എപ്പോഴും അടച്ചുസൂക്ഷിക്കുക.
• പച്ചക്കറികളും പഴവർഗങ്ങളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
• കിണർ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഒഴിവാക്കുക.
• വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞുകൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.