കുറ്റ്യാടി: വടകര താലൂക്കിലെ എട്ട് പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷന്റെ 569 കോടിയുടെ പദ്ധതി നിർമാണം വേളത്ത് പരോഗമിക്കുന്നു. ജല അതോറിറ്റിയുടെ വടകര ഓഗ്മെന്റേഷൻ പദ്ധതിയുടെ കിണറും പമ്പ്ഹൗസും സ്ഥിതി ചെയ്യുന്ന കുറ്റ്യാടി പുഴയിലെ കൂരങ്കോട്ട് കടവിൽ തന്നെയാണ് ജൽജീവന്റെ കിണർ, പമ്പ്ഹൗസ്, ശുചീകരണ പ്ലാന്റ് എന്നിവയും നിർമിക്കുന്നത്.
ഇവിടെ ശുചീകരിക്കുന്ന വെള്ളം വലകെട്ട് കാപ്പുമലയിലെ ടാങ്കിൽ എത്തിച്ച് എട്ട് പഞ്ചായത്തുകളിലേക്കും വിതരണം ചെയ്യും. കിണറിന് 12 മീറ്റർ വ്യാസവും 21 മീറ്റർ ആഴവുമുണ്ട്. പുഴയിൽ നല്ല ആഴമുള്ള ഭാഗമാണിത്. കിണറിനോടൊപ്പം പണിയുന്ന പമ്പ്ഹൗസിൽ 140 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകൾ സ്ഥാപിച്ച്, ദിവസം 47 ദശ ലക്ഷം ലിറ്റർ വെള്ളം ശുചീകരിക്കാൻ കഴിവുള്ള ശുചീകരണ ശാലയിൽ എത്തിക്കും. തുടർന്ന് സമീപത്തെ 21 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക് വിടും. ഇവിടെനിന്ന് കാപ്പുമലയിലേക്ക് വെള്ളം പമ്പുചെയ്യും.
അതിന് 465 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകൾ സ്ഥാപിക്കും. കാപ്പുമലയിൽ 35 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പണിയും. ഇതിൽനിന്നാണ് വേളം, വില്യാപ്പള്ളി, പുറമേരി, എടച്ചേരി, ചോറോട്, ഒഞ്ചിയം, ഏറാമല,അഴിയൂർ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുക. അതത് പഞ്ചായത്തുകളിലും പ്രത്യേകം ടാങ്കുകൾ നിർമിക്കും. കാപ്പുമലയിലേക്കുള്ള പൈപ്പ് ലൈൻ നിർമാണവും ഉടൻ ആരംഭിക്കും. ഈ വർഷം ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.