മേഖല രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കൈരളി-ശ്രീ തിയറ്ററിൽ ആരംഭിച്ച എം.ടിയുടെ ചലച്ചിത്ര
ജീവിതത്തെക്കുറിച്ചുള്ള ‘കാലം-മായാചിത്രങ്ങൾ’ ഫോട്ടോപ്രദർശനം എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി, നടി കുട്ട്യേടത്തി വിലാസിനി തുടങ്ങിയവർ കാണുന്നു
കോഴിക്കോട്: സാഹിത്യ നഗരത്തിൽ ഇന്നു മുതൽ രാജ്യാന്തര ചലച്ചിത്രങ്ങളുടെ ഉത്സവം. സിനിമാപ്രേമികൾ കാത്തിരിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം ഇറാൻ ചലച്ചിത്രകാരൻ മുഹമ്മദ് റസൂലോഫിന്റെ ‘സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ആണ്. സംവിധായകനും കെ.ആര്. നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സ് ചെയര്‍പേഴ്സനുമായ സയ്യിദ് മിര്‍സയാണ് ഉദ്ഘാടകൻ. ആഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോർണേഷൻ തിയറ്ററുകളിലാണ് മേള. മൂന്ന് തിയറ്ററുകളിലും ദിവസം അഞ്ച് പ്രദര്‍ശനങ്ങളുണ്ടാകും. 1500 ഡെലിഗേറ്റുകളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തിരഞ്ഞെടുത്ത 58 ചിത്രങ്ങൾ മേളയിലുണ്ട്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്നിന്നുള്ള 14 ചിത്രങ്ങള്‍, ലോകസിനിമ വിഭാഗത്തില്‍നിന്നുള്ള 14 ചിത്രങ്ങള്‍, 11 മലയാള ചിത്രങ്ങള്‍, ഏഴ് ഇന്ത്യന്‍ സിനിമകള്‍, കലൈഡോസ്കോപ് വിഭാഗത്തില്‍നിന്നുള്ള രണ്ട് ചിത്രങ്ങള്‍, വനിത സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫിമേയ്ല്‍ ഗേസ് വിഭാഗത്തില്‍നിന്നുള്ള മൂന്ന് ചിത്രങ്ങള്‍, ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് ആന്‍ ഹുയിയുടെ ഒരു ചിത്രം, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവായി പ്രദര്‍ശിപ്പിക്കുന്ന ‘അങ്കുര്‍’, മുന്‍നിര ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍നിന്നുള്ള അഞ്ച് സിനിമകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുവര്‍ണ ചകോരം ലഭിച്ച ബ്രസീലിയന്‍ ചിത്രമായ മാളു, രജതചകോരം ലഭിച്ച മി മറിയം ദ ചില്‍ഡ്രന്‍ ആൻഡ് 26 അദേഴ്സ്, നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച ഹൈപ്പര്‍ബോറിയന്‍സ്, പ്രേക്ഷക പുരസ്കാരം നേടിയ ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൈരളി തിയറ്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മീനാക്ഷി ജയന്, സിതാരെ സമീന്‍ പര് എന്ന ഹിന്ദി ചിത്രത്തില്‍ ഗുഡ്ഡു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപി കൃഷ്ണന് വര്‍മ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടന് സുധീഷ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, സംഘാടക സമിതി കൺവീനർമാരായ കെ.ജെ. തോമസ്, കെ.ടി. ശേഖർ എന്നിവർ പങ്കെടുത്തു.
കൈരളി തിയറ്ററിലെ ഷാജി എന്‍. കരുണ്‍-ചെലവൂര്‍ വേണു പവിലിയനില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും. ആഗസ്റ്റ് ഒമ്പത്, 10, 11 തീയതികളില്‍ വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ നടക്കുന്ന ഓപൺ ഫോറത്തില്‍ സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ഓപണ്‍ ഫോറം സംവിധായകന് ഷാജൂണ്‍ കാര്യാല്‍ ഉദ്ഘാടനം ചെയ്യും.
നടി ആര്യ സലീം ആദ്യ ഡെലിഗേറ്റ്
കോഴിക്കോട്: ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. കൈരളി തിയറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ആദ്യ ഡെലിഗേറ്റ് കിറ്റ് നടി ആര്യ സലീം ഏറ്റുവാങ്ങി.
എം.ടി ഫോട്ടോ പ്രദർശനത്തിന് തുടക്കം
കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആദരം. എം.ടി വിവിധ സിനിമകളുടെ ദൃശ്യങ്ങളടങ്ങിയ ‘കാലം: മായാചിത്രങ്ങള്‍’ ഫോട്ടോ പ്രദർശനത്തിന് കൈരളി തിയറ്റര്‍ അങ്കണത്തിൽ തുടക്കമായി.
എം.ടിയുടെ സഹധർമിണി കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എക്സിബിഷൻ കമ്മിറ്റി ചെയർമാൻ സുനില്‍ അശോകപുരം അധ്യക്ഷത വഹിച്ചു. ഡോ. എം.എം. ബഷീര്‍ ആദരഭാഷണം നടത്തി. നടി കുട്ടേടത്തി വിലാസിനി മുഖ്യാതിഥിയായി. നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്. ഗോപാലകൃഷ്ണനാണ് ക്യുറേറ്റര്‍.
കൈരളി തിയറ്റർ
രാവിലെ 9.30: എൽബോ (സംവിധാനം -അസ്ലി ഓസാർസ്ലാൻ)
11.30: എ പാൻ ഇന്ത്യൻ സ്റ്റോറി (വി.സി. അഭിലാഷ്)
ഉച്ചക്ക് 2.00: ഹ്യൂമൻസ് ഇൻ ദ ലൂപ് (ആരണ്യ സഹായ്)
വൈകീട്ട് 5.00: ഉദ്ഘാടന ചിത്രം: ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് (മുഹമ്മദ് റസൂലോഫ്)
ശ്രീ തിയേറ്റർ
9.15: ഈസ്റ്റ് ഓഫ് നൂൺ (ഹാല എൽകൗസി)
11.30: ഹോളി കൗ (ലൂയിസ് കോർവോസിയർ)
2.30: ദ ഗേൾ വിത്ത് ദ നീഡിൽ (മാഗ്നസ് വോൺ ഹോൺ)
8.00: ആൻ ഓസിലേറ്റിങ് ഷാഡോ (സെലെസ്റ്റ റോജസ് മുഹിഗ)
കോർണേഷൻ
9.30: ദ ഹൈപ്പർബോറിയൻസ് (ക്രിസ്റ്റോബൽ ലിയോൺ)
11.15: മൈ ഫേവററ്റ് കേക്ക് (മറിയം മൊഗദ്ദാം, ബെഹ്താഷ് സനീഹ)
2.30: ലിൻഡ (മരിയാന വൈൻസ്റ്റെയിൻ)
6.30: ഹ്യൂമൻ|അനിമൽ (അലസ്സാൻഡ്രോ പുഗ്നോ)
8.15: സെക്കൻഡ് ചാൻസ് (സുഭദ്ര മഹാജൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.