representational image

ബഷീർ റോഡിലെയും താജ് റോഡിലെയും താൽക്കാലിക കടമുറി പൊളിക്കാൻ നിർദേശം

കോഴിക്കോട്: മാനാഞ്ചിറയിലെ പാർക്കിങ് പ്ലാസക്ക് സ്ഥലമൊരുക്കാൻ കോർപറേഷൻ സത്രം ബിൽഡിങ് എന്ന പഴയ കിഡ്സൺ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ താൽക്കാലിക കച്ചവടം നടത്താൻ നിർമിച്ച കടമുറികൾ പൊളിച്ചുമാറ്റാൻ കോർപറേഷൻ വ്യാപാരികൾക്ക് നിർദേശം നൽകി. ചൊവ്വാഴ്ച മേയർ ഡോ. ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ ചേർന്ന വ്യാപാരികളുടെയും പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

എന്നാൽ, അടുത്തദിവസം അന്തിമ തീരുമാനമറിയിക്കാമെന്ന് വ്യാപാരികൾ യോഗത്തിൽ പറഞ്ഞു. കട നിർമിക്കാൻ കോർപറേഷൻ വ്യാപാരികൾക്ക് സ്ഥലമനുവദിച്ചെങ്കിലും സ്ഥിരം കെട്ടിടങ്ങളുടെ മാതൃകയിൽ കോൺക്രീറ്റും മറ്റുമിട്ടാണ് പണിതത് എന്ന കാരണത്താലാണ് നിർമാണം പൊളിച്ചുനീക്കാൻ നിർദേശം വന്നത്.

വ്യാപാരികളുടെ സ്വന്തം ചെലവിൽ ഇവയെല്ലാം പൊളിക്കണം. പകരം കോർപറേഷൻ ചെലവിൽ താൽക്കാലിക കടമുറികൾ ഉണ്ടാക്കിനൽകും. കിഡ്സൺ കെട്ടിടം പൊളിക്കൽ 25 ശതമാനം പൂർത്തിയായിട്ടുണ്ട്. അതിനാൽ വ്യാപാരികൾ പെട്ടെന്ന് കെട്ടിടത്തിൽനിന്ന് ഒഴിയണമെന്നും നിർദേശം നൽകി. ഇതോടെ പകരം സ്ഥലമില്ലാതെ തങ്ങൾ ആശങ്കയിലായിരിക്കുകയാണെന്ന് വ്യാപാരികൾ അറിയിച്ചു.

അനധികൃ രീതിയിലാണ് നിർമാണമെന്ന് കണ്ടെത്തി കട പണി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച വ്യാപാരികളുടെ യോഗം വിളിച്ചത്. കടനിർമാണം നിർത്തിവെച്ചതോടെ 12 കച്ചവടക്കാർ ഒഴിയുന്നതടക്കമുള്ള നടപടികൾ ഇനിയും നീളുമെന്നുറപ്പായി.

പി.എം താജ് റോഡിലും ബഷീർ റോഡിലും കട പണി കോർപറേഷൻ എൻജിനീയർമാരടക്കം പരിശോധിച്ചശേഷമാണ് ആരംഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. കോർപറേഷൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ കടകൾക്ക് വൈദ്യുതി കണക്ഷനും കിട്ടി. മെഡിക്കൽ ഷോപ്പടക്കമുള്ളതിനാൽ ഷട്ടറിടാനും മറ്റും ബീമുകൾ ആവശ്യമാണെന്നും മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ഷീറ്റിടാനാണ് ഉദ്ദേശ്യമെന്നും വ്യാപാരികൾ പറഞ്ഞു.

മൊത്തം ഒരാൾക്കാണ് എല്ലാ കടകളുടെയും പണിക്ക് കരാർ നൽകിയത്. 32 ലക്ഷം ഇതിനകം ചെലവായി. ഇതാണ് ഇനി പൊളിച്ചുമാറ്റേണ്ടിവരുക. പാർക്കിങ് പ്ലാസ പണി കഴിഞ്ഞ് വ്യാപാരികൾ മാറുമ്പോൾ പൊളിച്ചുമാറ്റാവുന്ന രീതിയിലാണ് നിർമാണമെന്നും വ്യാപാരികൾ പറഞ്ഞു.

എന്നാൽ, തിരക്കേറിയ റോഡിലുള്ള നിർമാണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസും പൊതുമരാമത്ത് വകുപ്പും കോർപറേഷനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ തീരുമാനമായത്. പി.എം താജ് റോഡിൽ കംഫർട്ട് സ്റ്റേഷനോട് ചേർന്ന് ഒമ്പതുപേർക്കും സെൻട്രൽ ലൈബ്രറിക്ക് എതിർവശം മൂന്ന് പേർക്കുമാണ് താൽക്കാലിക കടക്ക് സ്ഥലം അനുവദിച്ചത്.

Tags:    
News Summary - Instruction to demolish the temporary shops on Basheer Road and Taj Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.