കോഴിക്കോട്: ഉത്സവങ്ങളോടനുബന്ധിച്ച് അടിപിടികളടക്കം പ്രശ്നങ്ങളുണ്ടായാൽ സ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന റൂറൽ പൊലീസ് മേധാവിയുടെ ഉത്തരവിനെതിരെ സേനക്കുള്ളിൽ മുറുമുറുപ്പ്. ഉത്സവസ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് പ്രശ്നമുണ്ടായാൽ നടപടി ഉറപ്പാണെന്ന് കാണിച്ച് റൂറൽ എസ്.പി മാർച്ച് 24ന് ഉത്തരവിറക്കിയത്.
പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കേണ്ടത് പൊലീസുകാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ഡ്യൂട്ടിക്ക് പോകുന്നവരോട് പ്രശ്നമുണ്ടായാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് പറയുന്നത് സേനാംഗങ്ങളുടെ മനോവീര്യം തന്നെ ചോർത്തുന്ന നിലപാടാണ് എന്നാണ് വിമർശനം.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ ഉത്സവ സീസണാണ്. ഇക്കാലയളവിൽ പല ഉത്സവപ്പറമ്പുകളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നു എന്നത് ചൂണ്ടിക്കാണിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവിലാണ് പ്രശ്നങ്ങളുണ്ടായാലും ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നറിയിച്ചത്.
ഓരോ സ്റ്റേഷൻ പരിധിയിലെയും ഉത്സവങ്ങളോടനുബന്ധിച്ച് അവിടങ്ങളിലെ മുൻകാല സംഭവങ്ങളെ അടിസ്ഥാനമാക്കി ശക്തമായ ബന്തവസ്സ് സ്കീം മുൻകൂട്ടി തയാറാക്കി അതുപ്രകാരം ആവശ്യമെങ്കിൽ കൂടുതൽ സേനാംഗങ്ങളെ ആവശ്യപ്പെട്ട് നടപടി സ്വീകരിക്കണം.
ഒരേ സ്റ്റേഷൻ പരിധിയിൽ ഒരുദിവസം ഒന്നിൽകൂടുതൽ ഉത്സവങ്ങളുണ്ടെങ്കിൽ കൂടുതൽ ആളുകൾ എത്തുന്ന സ്ഥലത്ത് കൂടുതൽ പൊലീസുകാരെ നിയോഗിക്കണമെന്നും എസ്.ഐ അടക്കമുള്ളവർ ഉത്സവസ്ഥലങ്ങളിൽ പോയി മടങ്ങുന്ന അവസ്ഥ വേണ്ടെന്നും ഉത്തരവിൽ പറയുന്നു.
ഉത്സവങ്ങളോടനുബന്ധിച്ച് കേസുകളുണ്ടായാൽ ഡിവൈ.എസ്.പി, സ്പെഷൽ ബ്രാഞ്ച് എന്നിവ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ടിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വിശദവിവരവും പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയും ചൂണ്ടിക്കാണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.