കോഴിക്കോട്: ജില്ല ജയിലിൽ തടവുകാരോടുള്ള പെരുമാറ്റം മനഷ്യത്വരഹിതമാണെന്ന് പരാതി. തന്റെ 10 ദിവസത്തെ ജയിൽവാസത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ മനുഷ്യാവകാശ ലംഘനവും ദുരിതാനുഭവവും വെളിപ്പെടുത്തിയത്. ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം തടവുകാരെയാണ് ഇപ്പോൾ താമസിപ്പിച്ചിട്ടുള്ളതെന്നും പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാൻ സൗകര്യമില്ലെന്നുമാണ് ആരോപണം.
ജില്ല ജയിലിൽ താമസിപ്പിക്കേണ്ട പരമാവധി തടവുകാരുടെ എണ്ണം 195 ആണ്. എന്നാൽ, നിലവിൽ 307 തടവുകാരെയാണ് താമസിപ്പിച്ചിട്ടുള്ളതെന്ന് കെ. ലോഹ്യ വ്യക്തമാക്കി. സബ് ജയിലിൽ 25 തടവുകാരെ ഉൾക്കൊള്ളാനേ കഴിയൂവെങ്കിലും ഇപ്പോൾ 75 ലധികം തടവുകാരെയാണ് താമസിപ്പിച്ചിരിക്കുന്നത്. സബ് ജയിലിൽ തടവുകാർ നിറഞ്ഞുകഴിഞ്ഞാൽ ജില്ല ജയിലിലേക്കാണ് മാറ്റുന്നത്. ജില്ല ജയിലുകളിലും പരമാവധി അന്തേവാസികളെ ഉൾപ്പെടുത്തി അതിനുശേഷമുള്ളവരെ സെൻട്രൽ ജയിലിലേക്കാണ് അയക്കുന്നത്.
ഒരാളെ ഉൾക്കൊള്ളാൻ കഴിയുന്ന സെല്ലുകളിൽ അഞ്ചും ആറും പേരാണ് താമസിക്കുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമാകാത്തതും ശൗചാലയങ്ങളുടെ കുറവും തടവുകാരെ സാരമായി ബാധിക്കുന്നുണ്ട്. ബക്കറ്റിൽ വെള്ളമെടുത്താണ് പ്രാഥമികാവശ്യത്തിന് പോകേണ്ടത്. മിക്ക ബക്കറ്റുകളും ദ്വാരം വീണതാണ്. ശുചിമുറിയിൽ പോകാനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
ഓരോ അന്തേവാസിക്കുമുള്ള പുൽപ്പായ, ഗ്ലാസ്, പ്ലേറ്റ് എന്നിവ പോലും ലഭ്യമാക്കാൻ കഴിയുന്നില്ല. ഇതിനുപുറമെ തടവുകാർക്ക് അനുവദനീയമായ ഫോൺകാളുകൾ ബി.എസ്.എൻ.എൽ നമ്പറിലേക്ക് മാത്രമാക്കിക്കൊണ്ടുള്ള ജയിൽ ഡി.ജി.പിയുടെ സർക്കുലർ കൂടി വന്നതോടെ വീട്ടിലേക്കോ അഭിഭാഷകനേയോ ബന്ധപ്പെടാൻ കഴിയാതെ പിരിമുറുക്കത്തിലാണ് തടവുകാർ. വിചാരണ തടവുകാരെ ജാമ്യം ലഭ്യമാക്കാതെ വർഷങ്ങളോളം ജയിലിലാക്കുന്നതും അനീതിയാണ്. ജയിൽ മാന്വൽ പരിഷ്കരണത്തിലും ജയിൽ നവീകരണത്തിനും അടിയന്തര പ്രാധാന്യം നൽകി ജയിലുകളെ ആധുനികവത്കരിക്കാൻ ആവശ്യമായ നടപടി ഉണ്ടാവണമെന്നും ലോഹ്യ ആവശ്യപ്പെട്ടു. ജില്ല ഭാരവാഹികളായ കെ.എൻ. അനിൽ കുമാർ, ഉമേഷ് അരങ്ങിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.