രാമനാട്ടുകര തൊണ്ടയാട് ബൈപാസിൽ അഴിഞ്ഞിലത്ത് ചരക്കുലോറികൾ കൂട്ടിയിടിച്ച നിലയിൽ
രാമനാട്ടുകര: തൊണ്ടയാട് ബൈപാസിൽ അഴിഞ്ഞിലത്ത് ചരക്കുലോറികൾ നേർക്കുനേർ കൂട്ടിയിടിച്ച് ഇരു ലോറികളിലെയും ഡ്രൈവർമാരടക്കം നാലുപേർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച പുലർച്ച 2.30ഓടെയാണ് അപകടം.
കന്നുകാലികളുമായി തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷനിലെ കെ.എ 13 സി. 629 ലോറിയും എറണാകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 01 സി.ടി. 4134 ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാരും ക്ലീനർമാരും വണ്ടികളിൽ കുടുങ്ങി.
നാട്ടുകാരും മറ്റു ഡ്രൈവർമാരും ചേർന്ന് ക്ലീനർമാരെ പുറത്തെടുത്തെങ്കിലും ഡ്രൈവർമാരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. മീഞ്ചന്തയിൽനിന്ന് രണ്ട് ഹൈഡ്രോളിക് കട്ടറുകളും ഉപകരണങ്ങളുമായി അഗ്നിശമനസേന എമർജൻസി റെസ്പോൺസ് വെഹിക്കിളിലും മറ്റ് വാഹനങ്ങളിലുമായി സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ശിഹാബുദ്ദീൻ, ഇ-ഫയർ റെസ്ക്യൂ ഓഫിസർ അബ്ദുൽ സലീം എന്നിവർ ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗങ്ങൾ മുറിച്ചശേഷം സ്റ്റിയറിങ് വീലിൽ വടംകെട്ടി നാട്ടുകാരുടെയും പൊലീസിെൻറയും സഹായത്തോടെ ലോറി ഡ്രൈവറുടെ കുടുങ്ങിയ കാലുകൾ പുറത്തേക്കെടുക്കുകയായിരുന്നു. ഉടൻ സേനയുടെ വാഹനത്തിൽതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചു.
എതിരെയുള്ള ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി.കെ. ഹംസക്കോയയുടെ നേതൃത്വത്തിൽ ഇതേ രീതിയിൽ പുറത്തെടുത്ത് സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ചു. കർണാടകക്കാരനായ ഡ്രൈവറുടെ വലതുകാലിന് ഗുരുതര പരിക്കുണ്ട്.
എറണാകുളം കളമശ്ശേരി സ്വദേശിയായ ഡ്രൈവറുടെ വലത് തോളെല്ലിനും കാലിനും, കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും പരിക്കേറ്റിട്ടുണ്ട്. ലോറികൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.