കോഴിക്കോട്: കസ്തൂരി രംഗന് ഹര്‍ത്താലിനിടെ താമരശ്ശേരി വനംവകുപ്പ് ഓഫിസ് ജനക്കൂട്ടം ആക്രമിച്ച കേസിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടി കൂറുമാറി. കേസ് ഡയറിയിൽ അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യനാണ് കൂറുമാറിയത്.
ഇതോടെ കൂടുതൽ പ്രതിസന്ധിയിലായ പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കാൻ അപേക്ഷ നൽകും. കേസിൽ ദൃക്സാക്ഷിയായ സുബ്രഹ്മണ്യൻ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകിയതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂട്ടർ അഡ്വ. കെ. റൈഹാനത്ത് അപേക്ഷിക്കുകയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് കേസ് ഡയറി പ്രകാരം പ്രതികളെല്ലാം കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന് മൊഴി നൽകിയെങ്കിലും പ്രതികളെ ഓരോരുത്തരെ തിരിച്ചറിയാൻ സാക്ഷിക്ക് കഴിയാത്തതിനെ തുടർന്നാണ് കൂറുമാറിയതായി പ്രഖ്യാപിച്ചത്. തുടർന്ന് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ എതിർ വിസ്താരം നടത്തി. ഇതോടെ കേസിൽ വനം വകുപ്പിലെയും പൊലീസിലെയും ഒമ്പതു പേരാണ് കൂറുമാറിയത്.
സർക്കാർ ഉദ്യോഗസ്ഥരടക്കം കൂറുമാറിയതോടെ നേരത്തേ ഒഴിവാക്കിയ മൂന്നു സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ അപേക്ഷിച്ചതിനെ തുടർന്നാണ് അവസാന ഘട്ടത്തിലെത്തിയ കേസിൽ വീണ്ടും സാക്ഷികളെ വിസ്തരിക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച സുബ്രഹ്മണ്യനെ കൂടാതെ ഹാജരായ ഒമ്പതാം സാക്ഷി റേഞ്ച് ഓഫിസർ ടി.എ. സജു സംഭവത്തിലുണ്ടായ നാശനഷ്ടങ്ങളെപ്പറ്റി മൊഴി നൽകി. വിസ്തരിക്കാൻ തീരുമാനിച്ച മറ്റൊരു ദൃക്സാക്ഷിയായ എട്ടാം സാക്ഷി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ് ഹാജരായില്ല. അസുഖം കാരണം എത്താനായില്ലെന്നാണ് അറിയിച്ചത്.
തുടർന്ന് മാർച്ച് ഒന്നിന് ഇദ്ദേഹം ഹാജരാവാനാവശ്യപ്പെട്ട് സമൻസയക്കാൻ ഉത്തരവിട്ട കോടതി കേസ് അന്നേക്ക് മാറ്റി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം. അശോകൻ, എൻ. ഭാസ്കരൻ നായർ, അഡ്വ. ഷഹീർ സിങ്, റോബിൻസ് തോമസ്, ബെന്നി െസബാസ്റ്റ്യൻ എന്നിവർ ഹാജരായി.
പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഹാജരാവാത്തതിനാൽ പ്രോസിക്യൂഷന് പല സാക്ഷികളെയും ഒഴിവാക്കേണ്ടി വന്നിരുന്നു. കേസില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായതോടെയാണ് പ്രോസിക്യൂഷൻ വീണ്ടും കൂടുതൽ ഉദ്യോഗസ്ഥരെ വിസ്തരിക്കാൻ തീരുമാനിച്ചത്. മൊത്തം 26 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം ചോദ്യം ചെയ്യാനിരിക്കെയാണ് വീണ്ടും സാക്ഷി വിസ്താരം ആരംഭിച്ചത്.
2013 നവംബര്‍ 15ന് കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരായി നടന്ന ഹര്‍ത്താലിലാണ് താമരശ്ശേരി വനംവകുപ്പ് ഓഫിസ് കത്തിച്ചത്. വനം വകുപ്പിലെ നിരവധി പ്രധാന രേഖകള്‍ കത്തിനശിച്ചിരുന്നു. ഓഫിസിന് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിമുറിച്ചു. ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ.കെ. രാജീവന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പ്രവീണ്‍, സുരേന്ദ്രന് എന്നിവർ നേരത്തേ രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി കോടതിയിൽ പറഞ്ഞതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും കൂറുമാറി. ഇക്കാര്യത്തിൽ വനം മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.